1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2019

സ്വന്തം ലേഖകന്‍: രണ്ട് എഫ് 16 വിമാനങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടും മനസ്സാന്നിധ്യം കൈവിട്ടില്ല; തകര്‍ന്നു വീഴും മുമ്പ് ഒരു എഫ് 16ന്റെ ചിറകരിഞ്ഞു; പിടിവീഴും മുമ്പ് കൈവശമുള്ള രേഖകള്‍ നശിപ്പിച്ചു; പാക് പട്ടാളം ചോദ്യം ചെയ്തപ്പോള്‍ ധൈര്യവും രാജ്യസ്‌നേഹവും നിറഞ്ഞ മറുപടി; ഇന്ത്യയുടെ വീരപുത്രനായി അഭിനന്ദന്‍. ബുധനാഴ്ച പാകിസ്താന്റെ എഫ് 16 പോര്‍വിമാനം നശിപ്പിച്ച അഭിനന്ദനാണെന്നും ഇതിനു ശേഷമാണ് മിഗ് 21 ഹൈസോണ്‍ വിമാനം തകര്‍ന്നു വീണ് അഭിനന്ദ് പാക് പട്ടാളത്തിന്റെ പിടിയിലാവുകയും ചെയ്തതെന്ന് ഇന്ത്യന്‍ വ്യോമസേന.വ്യാഴാഴ്ച്ച ഡല്‍ഹിയില്‍ നടന്ന പ്രതിരോധ സേനാവക്താകളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂറാണ് ഇക്കാര്യം പുറത്തു വിട്ടത്.

ഇതു ഫൈറ്റര്‍ പൈലറ്റ് എന്ന നിലയ്ക്ക് അഭിനന്ദന്റെ അസാമാന്യ മികവിനുള്ള തെളിവാണെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഒരു ഘട്ടത്തില്‍ 2 എഫ് 16 വിമാനങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അഭിനന്ദന്‍ മനസ്സാന്നിധ്യം കൈവിടാതെ നടത്തിയ പ്രത്യാക്രമണമാണ് ഒരു വിമാനത്തെ കീഴ്‌പ്പെടുത്തുന്നതിലും പാക് വിമാനങ്ങളെ തിരികെ പാകിസ്താനിലേക്ക് തുരത്തുന്നതിലും വിജയിച്ചത്. വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ ആണു തകര്‍ത്തതെന്നും പാക്ക് അധീന കശ്മീരില്‍ പതിച്ച ഈ വിമാനത്തില്‍ നിന്ന് അവരുടെ 2 പൈലറ്റുമാര്‍ പാരഷൂട്ട് വഴി താഴെയിറങ്ങിയെന്നും ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ വ്യക്തമാക്കി.

എഫ് 16നെ വിടാതെ പിന്തുടര്‍ന്നാണു അഭിനന്ദന്‍ അതിനെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്നു നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തില്‍നിന്ന് അപായം തിരിച്ചറിഞ്ഞ് സ്വയം പുറത്തേക്കു തെറിച്ച (ഇജക്ട്) അദ്ദേഹം പാരഷൂട്ട് വഴി പാക്ക് അധീന കശ്മീരില്‍ വീഴുകയായിരുന്നു. അഭിനന്ദന്‍ പാക്ക് ഭൂപ്രദേശത്തു വീണപ്പോള്‍ പിടികൂടിയ പാക്കിസ്ഥാന്‍കാരെ അഭിമുഖം നടത്തി ഡോണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ ധൈര്യത്തില്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. വിമാനത്തില്‍നിന്നു പാക്ക് പ്രദേശത്ത് പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ റസാഖ് എന്ന പ്രദേശവാസിയാണ് ആദ്യം കാണുന്നത്.

പാരച്യൂട്ട് പറന്നിറങ്ങിയ സ്ഥലത്തേക്ക് റസാഖ് ചെറുപ്പക്കാരെ കൂട്ടി എത്തുകയായിരുന്നു. എന്നാല്‍ കീഴടങ്ങാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല. ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. ഇന്ത്യയാണെന്നു ചിലര്‍ മറുപടി നല്‍കി. പക്ഷേ, പാക്കിസ്ഥാന്‍ ആണെന്ന് മനസ്സിലായതോടെ അഭിനന്ദന്‍ ഇന്ത്യയ്ക്ക് അനുകൂലമായി ജയ് വിളിച്ചു. ഉടനെ യുവാക്കള്‍ പാക്ക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ കയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍നിന്നും അഭിനന്ദന്‍ ആകാശത്തേക്കു വെടി ഉതിര്‍ത്തു.

ആള്‍ക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷം തിരിച്ച് ഇന്ത്യയിലേക്ക് ഓടാന്‍ ശ്രമിച്ചു. കൈവശമുണ്ടായിരുന്ന രേഖകള്‍ വലിച്ചുകീറി കളയാനും വെള്ളത്തില്‍ ഒഴുക്കിക്കളയാനും ശ്രമിച്ചതായും ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനുശേഷമാണ് സൈന്യമെത്തി അഭിനന്ദനെ കസ്റ്റഡിയിലെടുക്കുന്നത്. പാക്കിസ്ഥാന്റെ ചോദ്യം ചെയ്യലിലും തന്റെ പേരല്ലാതെ മറ്റുവിവരങ്ങളൊന്നും വിങ് കമാന്‍!ഡര്‍ അഭിനന്ദന്‍ പങ്കുവയ്ക്കാത്തതും ശ്രദ്ധേയമായി.
പാക്കിസ്ഥാന്‍ പുറത്തുവിട്ട വിഡിയോയില്‍നിന്ന്:

പാക്ക് മേജര്‍: എന്താണ് പേര്?
അഭിനന്ദന്‍: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍

പാക്ക് മേജര്‍: താങ്കളോടു ഞങ്ങള്‍ മാന്യമായാണു പെരുമാറിയതെന്നു കരുതുന്നു?

അഭിനന്ദന്‍: അതേ. ഇക്കാര്യം ഞാന്‍ ശരിവയ്ക്കുന്നു. എന്റെ രാജ്യത്തു മടങ്ങിപ്പോകാന്‍ സാധിച്ചാലും ഇതു ഞാന്‍ മാറ്റിപ്പറയില്ല. പാക്കിസ്ഥാന്‍ സേനയിലെ ഓഫിസര്‍മാര്‍ എന്നോടു നന്നായാണു പെരുമാറിയത്. എന്നെ പ്രദേശവാസികളില്‍നിന്നു രക്ഷിച്ച ക്യാപ്റ്റന്‍ മുതല്‍ ചോദ്യം ചെയ്തവര്‍ വരെ മാന്യമായാണു പെരുമാറിയത്. പാക്ക് സേനയുടെ പെരുമാറ്റത്തില്‍ ഞാന്‍ സന്തുഷ്ടനാണ്.

മേജര്‍: താങ്കള്‍ ഇന്ത്യയില്‍ എവിടെ നിന്നാണ്?

അഭിനന്ദന്‍: അക്കാര്യം ഞാന്‍ താങ്കളോടു പറയേണ്ടതുണ്ടോ? ഞാന്‍ തെക്കന്‍ മേഖലയില്‍ നിന്നുള്ളയാളാണ്.

മേജര്‍: താങ്കള്‍ വിവാഹിതനാണോ?

അഭിനന്ദന്‍: അതേ

മേജര്‍: താങ്കള്‍ക്കു ചായ ഇഷ്ടപ്പെട്ടുവെന്നു കരുതുന്നു?

അഭിനന്ദന്‍: അതേ. നന്ദി.

മേജര്‍: ഏതു വിമാനമാണ് താങ്കള്‍ പറത്തിയിരുന്നത്?

അഭിനന്ദന്‍: ക്ഷമിക്കൂ മേജര്‍. അക്കാര്യം ഞാന്‍ താങ്കളോടു പറയില്ല. തകര്‍ന്നു വീണ വിമാനത്തിന്റെ ഭാഗങ്ങള്‍ താങ്കള്‍ ഇതിനകം കണ്ടെത്തിയിരിക്കുമല്ലോ?

മേജര്‍: എന്തായിരുന്നു താങ്കളുടെ ദൗത്യം?

അഭിനന്ദന്‍: അക്കാര്യം താങ്കളോടു പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ല.

ഫെബ്രുവരി 27ന് രജൗരിയിലെ സുന്ദര്‍ബനി പ്രദേശത്ത് കൂടെ വ്യോമാതിര്‍ത്തി ലംഘിച്ചാണ് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പ്രവേശിച്ചത്. എട്ട് എഫ്16 പോര്‍വിമാനങ്ങള്‍, നാല് ജെഎഫ്17, നാല് മിറാഷ്5 എന്നീ പോര്‍വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വന്നത്. ഇതില്‍ 3 എഫ്16 പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു. പാക് വിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്ക് പത്ത് കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് ആക്രമണവിവരം ഇന്ത്യന്‍ വ്യോമസേന അറിയുന്നത്. ഇതോടെ ഇതേ മേഖലയില്‍ നീരിക്ഷണപ്പറക്കല്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ പോര്‍വിമാനങ്ങള്‍ രജൗരി ഭാഗത്തേക്ക് കുതിച്ചു. തൊട്ടു പിന്നാലെ ശ്രീനഗറിലെ വ്യോമതാവളത്തില്‍ നിന്നും സുഖോയ്, മിറാഷ് യുദ്ധവിമാനങ്ങളും അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു.

ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍, ബ്രിഗേഡ്, ബാറ്റാലിയന്‍ ആസ്ഥാനങ്ങള്‍ തുടങ്ങിയവയായിരുന്നു പാകിസ്ഥാന്‍ വ്യോമസേനയുടെ ലക്ഷ്യം. എന്നാല്‍ ലക്ഷ്യകേന്ദ്രങ്ങളെ ആക്രമിക്കും മുന്‍പ് മിഗ് 21 വിമാനങ്ങള്‍ പാക് പോര്‍വിമാനങ്ങള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചു. ഇതേ തുടര്‍ന്ന് പിന്‍വലിഞ്ഞ പാകിസ്താന്‍ എഫ് 16 വിമാനങ്ങള്‍ രജൗരിയില്‍ ബോംബുകള്‍ വര്‍ഷിച്ചെങ്കിലും ഇവയെല്ലാം തന്നെ ആളില്ലാത്ത ഇടത്താണ് ചെന്നു പതിച്ചത്. ഒരു ബോംബ് സൈനികകേന്ദ്രത്തിന്റെ കോംപൗണ്ടിലും വീണതയാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.