സ്വന്തം ലേഖകന്‍: മുനമ്പം മനുഷ്യക്കടത്ത്; പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി; ഇത് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. : മുനമ്പം മനുഷ്യക്കടത്ത് കേസില്‍ മുനമ്പം മനുഷ്യക്കടത്ത് പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെല്ലാം പിടിയിലായത്. ഓസ്‌ട്രേലിയക്ക് പോയ ബോട്ടില്‍ തന്റെ നാല് മക്കള്‍ ഉള്ളതായി സെല്‍വന്‍ പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം.
നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് സെല്‍വന്‍ പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്റെ നേതൃത്വത്തിലാണെന്നും സെല്‍വന്റെ മൊഴിയില്‍ പറയുന്നുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. ആറ് പേരേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തമിഴ് നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
അതിനിടെ മുനമ്പത്ത് മനുഷ്യക്കടത്തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട വിഷയമെന്നും കോടതി പറഞ്ഞു. വിദേശത്തേക്ക് കടന്നവരില്‍ നിന്ന് പണം പറ്റിയിട്ടുണ്ട്. മുനമ്പത്ത് നിന്ന് പോയവരെ എങ്ങോട്ട് കൊണ്ടുപോയെന്ന് വ്യക്തമല്ല. ബന്ധുക്കളെ ബന്ധപ്പെടാന്‍ അനുവദിക്കാത്തതിലും ദുരൂഹതയുണ്ട്. രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല