സ്വന്തം ലേഖകന്‍: ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ആറാഴ്ചകള്‍ക്കു ശേഷം; ബ്രിട്ടീഷ് മാതൃദിനത്തില്‍ വെളിപ്പെടുത്തലുമായി എമി ജാക്സണ്. എ.എല്‍. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്സണ്. ഐ, തങ്കമകന്, തെരി, 2.0 തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്ത എമി അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ചിരുന്നു. ബ്രിട്ടണിലെ മാതൃദിനമായ മാര്‍ച്ച് 31 നാണ് എമി ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
അമ്മയാകാന്‍ മാനസികമായി തയ്യാറെടുത്തിരുന്നില്ലെന്നും ഗര്‍ഭിണിയാണെന്ന വിവരം ആറാഴ്ചകള്‍ക്ക് ശേഷമാണ് അറിഞ്ഞതെന്നും എമി പറയുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് എമി മനസ്സു തുറന്നത്. ആദ്യത്തെ 12 ആഴ്ച വളരെ ബുദ്ധിമുട്ടായിരുന്നു. ആറാഴ്ചകളോളം ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. ഞാന്‍ യാത്ര ചെയ്യുകയായിരുന്നു. ശ്രീലങ്കയിലും ഇന്ത്യയിലും ന്യൂയോര്ക്കിലുമെല്ലാമായി അവധി ആഘോഷിക്കുകയായിരുന്നു.
അമ്മയാകാന്‍ മാനസികമായി തയ്യാറെടുത്തിരുന്നില്ല. എന്നാലും ഗര്‍ഭിണിയാണെന്ന് മനസ്സിലായപ്പോള്‍ എനിക്ക് പ്രശ്നമൊന്നും തോന്നിയില്ല. ഞാന്‍ ഇപ്പോഴും യാത്രകള്‍ കുറച്ചിട്ടില്ല. കുടുംബത്തിന്റെ പൂര്‍ണമായ പിന്തുണ എനിക്കുണ്ട്. അത് എന്നെ സംബന്ധിച്ച പ്രധാനപ്പെട്ട കാര്യമാണ്. കുഞ്ഞുണ്ടാകുന്നതില്‍ അതീവ സന്തോഷവതിയാണ് ഞാന്‍. അവളുടെ അല്ലെങ്കില്‍ അവന്റെ വരവിനായി കാത്തിരിക്കുകയാണ് എമി പറഞ്ഞു.
ബ്രിട്ടണിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് വ്യവസായി അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകനായ ജോര്‍ജ് പനയോട്ടുവാണ് എമിയുടെ പങ്കാളി. വാലന്റൈന്‍സ് ഡേയുടെ അന്നാണ് ജോര്‍ജുമായി പ്രണയത്തിലാണെന്ന വിവരം എമി പുറത്ത് പറയുന്നത്. പ്രണയദിനാശംസകള്‍ക്കൊപ്പം ജോര്‍ജിന്റെ ചിത്രവും എമി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല