സ്വന്തം ലേഖകന്‍: വരി നില്‍ക്കേണ്ടെന്ന് വോട്ടര്‍മാര്‍; ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് മോഹന്‍ലാല്‍; മതരാഷ്ട്രീയസാമുദായിക രംഗത്തെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തിയത് ഇങ്ങനെ. നടന് മോഹന്‍ലാല്‍ തിരുവനന്തപുരം മുടവന്മുകള് ഗവണ്മെന്റ് എല്‍.പി.സ്കൂളില്‍ വോട്ടു ചെയ്തു. ക്യൂ നില്‍ക്കാതെ വോട്ടുചെയ്യാമെന്ന് മറ്റുവോട്ടര്‍മാര്‍ പറഞ്ഞെങ്കിലും ഒരു മണിക്കൂറിലേറെ ക്യൂവില്‍ നിന്നാണ് താരം വോട്ടുചെയ്തത്.
പലപ്പോഴും വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഇത്തവണ പഠിച്ച സ്കൂളില്‍ തന്നെ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടന് മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം പനമ്പിള്ളി നഗര്‍ ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 105ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. എറണാകുളം മണ്ഡലത്തിലെ ഇടത് വലത് സ്ഥാനാര്‍ഥികളായ പി രാജീവ് ൈഹബി ഈഡന് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി പോളിങ് ബൂത്തിലെത്തിയത്. ആരും വോട്ട് പാഴാക്കരുതെന്നായിരുന്നു സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷമുള്ള മമ്മൂട്ടിയുടെ അഭ്യര്‍ഥന.
മുഖ്യമന്ത്രി പിണറായിയിലും, എ.കെ ആന്റണി തിരുവനന്തപുരത്തും, പ്രതിപക്ഷനേതാവ് ചെന്നിത്തലയിലുമാണ് വോട്ട് ചെയ്തത്. മതനിരപേക്ഷ രാഷ്ട്രീയത്തിന് ശക്തിപകരണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. വിജയപ്രതീക്ഷകള്‍ പങ്കുവെച്ചും ആത്മവിശ്വാസം പ്രകടിപ്പിച്ചുമാണ് രാഷ്ട്രീയ നേതാക്കള്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. എല്ലാവരും കുടുംബ സമേതമെത്തി വരിനിന്ന് വോട്ട് ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും ഭാര്യ എലിസബത്തും ജഗതി ഹൈസ്കൂളിലെത്തിയത് പതിവുപോലെ എം.എം ഹസ്സനും കുടുംബത്തിനുമൊപ്പം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബവും തൃപ്പെരുംതുറ ഗവ: എല്‍.പി.എസ് സ്കൂളില്‍ വോട്ട് ചെയ്തു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഭാര്യയും കുന്നുകുഴി യു.പി സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട് സി.കെ.എം.എം എ.എല്‍.പി സ്കൂളിലെത്തിയത് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കും സാദിഖലി തങ്ങള്ക്കുമൊപ്പം.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബവും കോടിയേരി ജൂനിയര്‍ ബേസിക് സ്കൂളിലും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പിണറായി ആര്.സി അമല ബേസിക് യു.പി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഭാര്യ സരസ്വതിക്കൊപ്പമാണ് ജവഹര്‍ നഗര്‍ എല്‍.പി സ്കൂള്‍ ബൂത്തിലെത്തിയത്.
ആര്‍ച്ച് ബിഷപ് സൂസപാക്യം തിരുവനന്തപുരത്തും എന്‍.എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിലും വോട്ട് ചെയ്തു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി ആരിഫലി വാഴക്കാട് മുണ്ടുമുഴി ജി.എം.എല്‍.പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ജോര്‍ജ് ആലഞ്ചേരി എറണാകുളം സെന്റ് മേരീസ് സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയെങ്കിലും യന്ത്രതകരാര്‍ കാരണം വോട്ട് ചെയ്യാനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല