1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2019

സ്വന്തം ലേഖകന്‍: മുന്നൂറിനടുത്ത് സീറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തില്‍ ബി.ജെ.പി വീണ്ടും ഒറ്റയ്ക്ക് അധികാരത്തിലേക്ക്. ഇന്ത്യ മുഴുവന്‍ ആഞ്ഞടിച്ച മോദി തരംഗത്തില്‍ യു.പി.എ. തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിനു ആശ്വാസം നല്‍കിയത് കേരളത്തിലെയും പഞ്ചാബിലെയും മുന്നേറ്റങ്ങള്‍ മാത്രം. തുടര്‍ഭരണം ഉറപ്പാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. ഇന്ത്യ വീണ്ടും ജയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പ്രതികരിച്ചു. ബി.ജെ.പി. രൂപീകൃതമായശേഷം ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടുവിഹിതത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. ദേശീയതയും ദേശസുരക്ഷയും പ്രധാന പ്രചാരണവിഷയമാക്കിയ തിരഞ്ഞെടുപ്പില്‍ 39 ശതമാനത്തിനടുത്താണ് ബി.ജെ.പിയുടെ വോട്ടുവിഹിതം.

അന്തിമഫലം വരുമ്പോള്‍ ശതമാനക്കണക്കില്‍ മാറ്റംവരാം. നരേന്ദ്ര മോദി എന്ന ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പിയും എന്‍.ഡി.എയും ഇക്കുറി വോട്ടുതേടിയത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടരണമെന്ന് ജനം വിധിയെഴുതി. രാവിലെ വോട്ടെണ്ണിത്തുടങ്ങിയതുമുതല്‍ എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ബി.ജെ.പിയുടേത്. പതിനൊന്നുമണിയായപ്പോഴേക്കും ചിത്രം വ്യക്തമായി. രാജ്യമെങ്ങും മോദി തരംഗം കൊടുങ്കാറ്റായി മാറിക്കഴിഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ ചില സീറ്റുകള്‍ നഷ്ടപ്പെട്ടതൊഴിച്ചാല്‍ 2014ല്‍ ഹിന്ദിഹൃദയഭൂമിയിലടക്കം നേടിയ വിജയം ബി.ജെ.പി. ആവര്‍ത്തിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 282 സീറ്റ് വിജയം മറികടന്നു. ഉത്തര്‍പ്രദേശില്‍ എസ്.പി….ബി.എസ്.പി. സഖ്യത്തിനു അടിതെറ്റി. പ്രിയങ്ക ഗാന്ധി പ്രചാരണത്തിനിറങ്ങിയിട്ടും കോണ്‍ഗ്രസിനെ രക്ഷിക്കാനായില്ല. റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ വിജയത്തില്‍മാത്രം ഒതുങ്ങിയേക്കും.

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കുന്ന സ്മൃതി ഇറാനി മുന്നിലാണ്. മമത ബാനര്‍ജിയുടെ ബംഗാളിലും നവീന്‍ പട്‌നായിക്കിന്റെ ഒഡിഷയിലും വിജയക്കൊടി പാറിക്കാന്‍ മോദിയുടെ കരുത്തില്‍ ബി.ജെ.പിക്ക് കഴിഞ്ഞു. ബംഗാളിലും തൃപുരയിലും മല്‍സരിച്ച മുഴുവന്‍ സീറ്റിലും സി.പി.എം. തോറ്റു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണംപിടിച്ച രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. രാജസ്ഥാനിലെ 25 സീറ്റും തുടര്‍ച്ചയായ രണ്ടാംതവണയും ബി.ജെ.പി. തൂത്തുവാരി. മധ്യപ്രദേശില്‍ 29 സീറ്റില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ മല്‍സരിച്ച ചിന്ദ്വാഡയിലെ ജയംകൊണ്ട് കോണ്‍ഗ്രസിനു തൃപ്തിപ്പെടേണ്ടിവന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂടെനിന്ന ഗുണയില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ വമ്പന്‍ പരാജയം ഏറ്റുവാങ്ങി. മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞ ഠാക്കൂര്‍ ഭോപ്പാലില്‍ മുന്‍ മുഖ്യമന്ത്രി ദിഗ്!വിജയ് സിങ്ങിനെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു. ബിഹാറില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും അടങ്ങുന്ന മഹാസഖ്യത്തിനു നിലംതൊടാനായില്ല. കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് ഭരിക്കുന്ന കര്‍ണാടകയിലും മോദി മാജിക്ക് ഫലം കണ്ടു. കൂട്ടുകക്ഷി ഭരണമാണ് രാജ്യത്തിനു നല്ലതെന്ന ആശയത്തോട് കടുത്ത വിയോജിപ്പുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാംതവണയും ബി.ജെ.പിയെ ഒറ്റയ്ക്ക് അധികാരത്തില്‍ എത്തിച്ച നരേന്ദ്ര മോദി ഇന്ത്യയില്‍ കൂട്ടുകക്ഷി ഭരണത്തിനു അവസാനമായെന്ന സന്ദേശമാണ് നല്‍കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.