സ്വന്തം ലേഖകന്‍: സാമൂഹികമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാനചര്‍ച്ചാ വിഷയം ഇപ്പോള്‍ ചുഞ്ചു നായര്‍ എന്ന പൂച്ചക്കുട്ടിയാണ്. പരസ്യം എന്ന നിലയ്ക്കുള്ള ചിത്രം പ്രചരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൂച്ചയ്ക്ക് ജാതിപ്പേരു ചേര്‍ത്തതിനെ കളിയാക്കിക്കൊണ്ട് ട്രോളുകള്‍ പെരുമഴയായി പിന്നീട്. ചുഞ്ചുവിനെ ട്രോളിയവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാലി വര്‍മ എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവ്.
കേരളത്തിലെ ഒരു കുടുംബം, തങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയുടെ മരണത്തിന്റെ വാര്‍ഷികത്തിന് പത്രപ്പരസ്യം നല്‍കിയത് കണ്ടപ്പോള്‍ സന്തോഷം തോന്നി എന്നു പറഞ്ഞുകൊണ്ടാണ് സാലിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. കുടുംബാംഗമായി കണ്ടതിനാലാണ് പൂച്ചയുടെ പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തിട്ടുണ്ടാവുക. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ട്രോളുകളായിരുന്നു തന്റെ ടൈം ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. കുടുംബാംഗങ്ങളുടെ നല്ല പ്രവൃത്തിയെ പരിഹസിക്കുന്നതും എന്തിനാണ് പൂച്ചയ്ക്ക് ജാതിപ്പേര് ചേര്‍ത്തതെന്ന വര്‍ഗീയത പറയുന്നതുമായിരുന്നു അവ പലതും സാലി പറയുന്നു.
തന്റെ അച്ഛന് ഒരു നായയുണ്ടായിരുന്നെന്നും അമ്മു വര്‍മ എന്നായിരുന്നു അതിന്റെ പേരെന്നും സാലി പറയുന്നു. തന്റെ ഇളയമകളായാണ് അച്ഛന്‍ ആ നായക്കുട്ടിയെ കണ്ടിരുന്നത്. കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു അമ്മുവെന്നും സാലി പറയുന്നു. തങ്ങളുടെ കുടുംബപ്പേരായ വര്‍മ അമ്മുവിന്റെ പേരിനൊപ്പവും ചേര്‍ത്തു. കുടുംബത്തിന്റെ ഭാഗമായി പരിഗണിച്ചതിനാലാണ് അങ്ങനെ ചെയ്തതെന്നും അതിന് ജാതിയുമായി യാതൊരു ബന്ധവുമില്ലെന്നും സാലി പോസ്റ്റില്‍ പറയുന്നു. അച്ഛന്‍ മരിച്ച് കുറച്ചുമാസങ്ങള്‍ക്കു ശേഷം അമ്മുവും മരിച്ചു. എനിക്കും എന്റെ സഹോദരിക്കും അമ്മു എന്നും സഹോദരിയായിരിക്കുംസാലി കുറിപ്പില്‍ പറയുന്നു.
കേരളമേ വളരൂ. മനസ്സിലാക്കൂ, മൃഗങ്ങള്‍ക്കും കുടുംബാംഗങ്ങളാകാന്‍ സാധിക്കും. നിങ്ങള്‍ക്ക് ആ വികാരം മനസ്സിലാകുന്നില്ലെന്ന് കരുതി അങ്ങനെ ചെയ്യുന്ന മറ്റുള്ളവരെ പരിഹസിക്കരുത്‌സാലി കുറിപ്പില്‍ പറയുന്നു.
ചുഞ്ചു നായരെ ട്രോളിയ വിഷയത്തില്‍ പ്രതികരണവുമായി മനശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ ചേന്നക്കാട്ടും എത്തിയിട്ടുണ്ട്. വാലുള്ള പൂച്ചക്ക് വാലുള്ള പേരിടാനുള്ള സ്വാതന്ത്ര്യത്തെ ആദരിക്കണ്ടേ? മതപരമായ സൂചനകള്‍ ഉള്ള പേരുകള്‍ പൂച്ചയ്ക്കും പട്ടിക്കും ഇടരുതെന്ന നിയമം ഇപ്പോള്‍ ഇല്ലല്ലോ? ജോണ്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല