സ്വന്തം ലേഖകന്‍: വ്യത്യസ്ത പ്രായക്കാരായ പത്ത് പന്ത്രണ്ട് കുട്ടികള്‍ ഒരു സ്റ്റേജില്‍ അത്യുഗ്രന്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കുന്നു. തല കീഴായി നിന്നും മലക്കം മറിഞ്ഞും അതില്‍ ചിലര്‍ കാണികളുടെ നെഞ്ചിടിപ്പു കൂട്ടുന്നു. മറ്റു ചിലര്‍ ഒരേ താളത്തിലുള്ള നൃത്തച്ചുവടുകളുമായി മുന്‍വരിയില്‍ തന്നെ. വിധികര്‍ത്താക്കള്‍ ഇത് കണ്ട് നിര്‍ത്താതെ ആവേശത്തില്‍ ശബ്ദമുയര്‍ത്തി. കൈയടികള്‍ക്കൊടുവില്‍ സീറ്റുകളില്‍ നിന്നെഴുന്നേറ്റ് നിന്നു. എന്‍ ബി സി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന അമേരിക്കാസ് ഗോട്ട് ടാലന്റ് വേദിയിലാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ഈ സംഭവം അരങ്ങേറുന്നത്. ഡാന്‍സ് വീഡിയോ യൂട്യൂബില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
ബജ്‌രാവോ മസ്താനിയിലെ മല്‍ഹാരി എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഇവര്‍ ചുറുചുറുക്കോടെ നൃത്തം ചവിട്ടിയത്. 12 വയസു മുതല്‍ 27 വയസുകാര്‍ വരെയുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം ഇരുപത്തിയെട്ടു പേര്‍ അടങ്ങുന്ന ടീമാണ് ഇവരുടേത്. മുംബൈയിലെ തെരുവോരങ്ങളിലെ താമസക്കാരായ കുടുംബങ്ങളില്‍ ജനിച്ചവരാണ് ഇവര്‍. വൈദ്യുതി പോലുമെത്താത്ത മലിനമായ അന്തരീക്ഷത്തില്‍ വളര്‍ന്നവരാണ് തങ്ങളെന്ന് ടീമിലെ ഒരാള്‍ പറഞ്ഞപ്പോള്‍ വിധികര്‍ത്താക്കളുടെ മുഖത്ത് വിടരുന്ന വിസ്മയം വീഡിയോയില്‍ കാണാം.
ചേരികളിലെ വീടുകളില്‍ ഒരു മുറിയില്‍ തന്നെ പത്തു പേര്‍ വരെ താമസക്കാരായി ഉണ്ടാകുമെന്നും അത്തരം ചുറ്റുപാടുകളില്‍ ജീവിക്കുന്നതിന്റെ സങ്കടങ്ങള്‍ മുഴുവന്‍ നൃത്തം ചെയ്യുമ്പോഴാണ് മാറുന്നതെന്നും ഈ വേദിയിലെത്തുകയെന്നത് തങ്ങള്‍ വളരെക്കാലമായി കാണുന്ന സ്വപ്‌നമാണെന്നും അത് സാക്ഷാത്ക്കരിക്കപ്പെട്ടതില്‍ കൃതാര്‍ഥരാണെന്നും ടീമംഗങ്ങള്‍ പറയുന്നു. ഡാന്‍സ് കണ്ട് നിരവധി പേരാണ് ടീമിന് ആശംസകളേകിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല