1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2019

സ്വന്തം ലേഖകൻ: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകല പ്രഭാകര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ പുതിയ നയങ്ങള്‍ രൂപപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നെഹ്റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിക്കുന്നതിനുപകരം’ സമ്പദ്വ്യവസ്ഥയുടെ ഉദാരവല്‍ക്കരണത്തിന് വഴിയൊരുക്കിയ റാവു-സിംഗ് സാമ്പത്തിക മാതൃകയാണ് ബി.ജെ.പി സ്വീകരിക്കേണ്ടതെന്ന് ദി ഹിന്ദു പത്രത്തില്‍ എഴുതിയ കോളത്തില്‍ പ്രഭാകര്‍ പറഞ്ഞു. സര്‍ക്കാര്‍ നിഷേധാത്മക രീതിയിലാണ് ഇതിനോട് പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“സര്‍ക്കാര്‍ ഇപ്പോഴും നിഷേധാത്മകമായ രീതിയിലാണ് വിഷയത്തെ നേരിടുന്നത്. പല മേഖലകളും ഗുരുതരമായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതീവ ഗുരുതര സാഹചര്യമായി തന്നെയാണ് ഇതിനെ വിലയിരുത്തുന്നത്,” ബി.ജെ.പിയുടെ വിശദീകരിക്കാനാവാത്ത വിമുഖതയാണ് പ്രശ്നത്തിന് പിന്നിലെന്നും പ്രഭാകര്‍ ലേഖനത്തില്‍ പറഞ്ഞു.

നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് രീതി’ നിരസിക്കുക എന്നത് ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ ഉള്ളതാണ്. ബി.ജെ.പി ഒരിക്കലും തങ്ങളുടെ സ്വന്തം വാദങ്ങള്‍ പ്രയോഗിക്കാമാക്കാന്‍ ശ്രമിച്ചിട്ടില്ല. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ ‘ഇത് അല്ല, ഇത് അല്ല’ എന്ന നയമാണ് അവര്‍ സ്വകരിച്ചത്. എന്നാല്‍ സ്വന്തം നയം എന്താണെന്ന് അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

ഒരു മുതലാളിത്ത, അല്ലെങ്കില്‍ സ്വതന്ത്ര കമ്പോള ചട്ടക്കൂട് എന്ന് വിശേഷിപ്പിക്കാവുന്നവയെക്കുറിച്ചുള്ള ബി.ജെ.പിയുടെ വാദങ്ങള്‍ ഇപ്പോള്‍ പ്രായോഗികമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ എക്കണോമിക് റോഡ് മാപ്പ് ബി.ജെ.പിയെ വീണ്ടും തിരഞ്ഞെടുത്തതിന്റെ ഭാഗമായി മാത്രം ഉണ്ടായതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നെഹ്റുവിയന്‍ നയങ്ങളില്‍ വിമര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ബി.ജെ.പി അതൊരു രാഷ്ട്രീയ ആക്രമണമായി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അത് തിരിച്ചറിയാനും അവര്‍ക്ക് സാധിക്കുന്നില്ല. റാവു-സിംഗ് സാമ്പത്തിക നയങ്ങള്‍ ബി.ജെ.പി പൂര്‍ണമായും സ്വീകരിക്കുന്ന പക്ഷം മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും സമ്പദ്വ്യവസ്ഥയേയും അഴുക്കുചാലില്‍ നിന്ന് കരകയറ്റാനാവുകയുള്ളൂവെന്നും പ്രഭാകര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.