
സ്വന്തം ലേഖകൻ: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് യാതൊരു സഹായവും ചെയ്തിട്ടില്ലെന്ന് നടന്‍ സിദ്ദിഖ്. പോലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ദിഖ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയുമല്ലാതെ നടിക്ക് വേണ്ടി ഡബ്ല്യൂ.സി.സി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നാല് മാസം കഴിഞ്ഞാണ് നടി നടന്റെ പേര് പറഞ്ഞത്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്. സംഭവത്തില്‍ നടന്‍ കുറ്റവാളിയാണെന്ന് കോടതി പറഞ്ഞാല്‍ മാത്രം ആ രീതിയില്‍ എടുത്താല്‍ മതിയെന്നും സിദ്ദിഖ് പറഞ്ഞു. എല്ലാവരും നടിക്കൊപ്പമാണ് നില്‍ക്കുന്നത്. സംഭവം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടുകയും നടി അക്രമികളെ തിരിച്ചറിയുകയും ചെയ്തിരുന്നു.
ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഡബ്ല്യൂ.സി.സി എന്താണ് ചെയ്തത്. നടിക്കൊരു ആശ്വാസമായിക്കൊള്ളട്ടെ എന്നു കരുതിയാണ് ചാനല്‍ ചര്‍ച്ചകളില്‍ വന്ന് സംസാരിക്കുന്നതെന്ന് ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. നടിക്കൊപ്പമാണെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളിലേ വരൂ. സ്വന്തം പ്രശസ്തിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ വിഡ്ഢിത്തം പറയുന്നവര്‍ വനിതാ കൂട്ടായ്മയില്‍ ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
സംഭവത്തില്‍ താരസംഘടന നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സഹപ്രവര്‍ത്തകനെന്ന നിലയിലും സംഘടനാഭാരവാഹി എന്ന നിലയിലും ഡി.ജി.പിയെയും മുഖ്യമന്ത്രിയേയും നേരില്‍ കണ്ട് സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നും മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടിയതെന്നും സിദ്ദിഖ് അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല