
സ്വന്തം ലേഖകൻ: ‘“ഞാൻ ഇംഗ്ലീഷിലാണ് സംസാരിക്കാൻ പോകുന്നത്. പ്രസംഗം പരിഭാഷപ്പെടുത്താൻ ആരെങ്കിലും മുന്നോട്ടുവന്നെങ്കിൽ നന്നായിരുന്നു. ഞാൻ പറയുന്നത് പരിഭാഷപ്പെടുത്താൻ വിദ്യാര്‍ഥികളിൽ ആരെങ്കിലുമുണ്ടോ?” – മലപ്പുറം കരുവാരക്കുണ്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ ചോദ്യമിതായിരുന്നു.
സ്കൂള്‍ മൈതാനത്ത് തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആ വെല്ലുവിളി ഏറ്റെടുത്തത് സഫ ഫെബിൻ എന്ന മിടുക്കി. വേദിക്കരികിലൂടെ സഫ നടന്നുവരുമ്പോൾ കൈകൊടുത്ത് സ്വീകരിക്കാൻ രാഹുൽ മുന്നോട്ടെത്തി. സഫക്ക് നന്ദി പറഞ്ഞാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്.
”തർജമക്ക് സഹായിക്കുന്ന സഫക്ക് നന്ദി”- രാഹുൽ തുടങ്ങിയത് ഇങ്ങനെ. അച്ചടിഭാഷ വിട്ട് സ്വാഭാവികമായി സംസാരിക്കുന്ന രീതിയിലായിരുന്നു സഫയുടെ പരിഭാഷ. രാഹുലിന്റെ ഓരോ വരി പറഞ്ഞുനിർത്തുമ്പോഴും ആലോചിക്കാൻ ഒട്ടും സമയമെടുക്കാതെ സഫയുടെ മലയാളമെത്തി. ഓരോ തർജമക്കും സദസ്സിന്റെ നിറഞ്ഞ കയ്യടി ഉയര്‍ന്നു.
പ്രസംഗശേഷം സഫക്ക് രാഹുൽ നന്ദി പറഞ്ഞു. മികച്ച പരിഭാഷ നിർവഹിച്ച സഫക്ക് ചോക്ലേറ്റ് സമ്മാനമായി നൽകുകയും ചെയ്തു. രാഹുൽ ഗാന്ധിക്ക് കൈകൊടുത്ത് ഒപ്പം ഫോട്ടെയടുത്ത് മനസ്സ് നിറഞ്ഞാണ് സഫ വേദിവിട്ടത്. ആദ്യമായാണ് ഒരു പ്രസംഗം പരിഭാഷപ്പെടുത്തുന്നതെന്ന് സഫ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഇഷ്ടമായിരുന്നെന്നും പരിഭാഷ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സഫ പറഞ്ഞു.
പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർഥിനിയായ സഫ മദ്രസ അധ്യാപകൻ കുഞ്ഞിമുഹമ്മദിന്റെ മകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല