സ്വന്തം ലേഖകൻ: അമേരിക്കയിലെ ചിക്കാഗോയിൽ വിവിധ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരായ കുട്ടികൾക്കുള്ള റിയാലിറ്റി ഷോയിൽ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിക്ക് ട്രിപ്പ്ൾ ബഹുമതി. നൃത്ത മൽസരത്തിൽ അദ്വൈദ് സുജയ് (9) ആണ് ബഹുമതി നേടിയത്.
16 വയസിനു താഴെയുള്ളവരുടെ നൃത്ത മൽസരത്തിലാണ് അദ്വൈദ് സുജയ്, അമേരിക്കൻ രാജ്യാന്തര ബഹുമതി ലഭിച്ചതും ഗ്രാന്റ് ഫിനാലെയിൽ ഇന്റർനാഷണൽ ഇന്ത്യൻ ഐക്കണായും തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയിലെ കാലിഫോർണിയ ഐക്കണായി മൂന്ന് മാസം മുൻപ് അദ്വൈദ് തെരഞ്ഞെടുപ്പെട്ടിരുന്നു. ഒരേസമയം, ട്രിപ്പ്ൾ വിജയം നേടുന്ന ആദ്യ മലയാളി താരം കൂടിയാണ് അദ്വൈദ്.
അമേരിക്കയിൽ ചിക്കാഗോയിലെ എൽ ഹാംസ്റ്റലിലെ വാട്ടർ ഫോർഡ് കോൺഫ്രൻസ് സെന്ററിൽ ഡിസംബർ 26 മുതൽ 29 വരെ നാലു ദിവസങ്ങളിലായാണ് മൽസരം നടന്നത്. ഇന്ത്യക്ക് പുറമെ അമേരിക്ക, ആസ്ട്രേലിയ, യു.കെ, കാനഡ, ബ്രിട്ടൻ, കരീബിയൻ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ മക്കളായിരുന്നു മൽസരാർഥികൾ.
പ്രവാസികൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ 3iii ഇൻറർനാഷണൽ ഐക്കൺ മൽസരത്തിൽ ആദ്യമായാണ് ഒരു മലയാളി ബാലൻ സംസ്ഥാനം, ദേശീയം, ഇൻറർനാഷണൽ മൽസരങ്ങളിൽ ഒന്നാമതെത്തുന്നത്.
കുട്ടികളുടെ കഴിവുകൾ അന്തർദേശീയ തലത്തിൽ പ്രദർശിപ്പിക്കുകയും സിനിമ, ടി.വി പരിപാടികളിൽ അവസരം നൽകുകയുമാണ് മൽസരത്തിന്റെ ലക്ഷ്യം. നൃത്തം, പാട്ട്, അഭിനയം, ഉപകരണ സംഗീതം തുടങ്ങി വേറിട്ട് നിൽക്കുന്ന കഴിവുകളിലായിരുന്നു മൽസരം നടന്നത്. ബോളിവുഡ് സംവിധായകരും ഹിന്ദി സിനിമാ മ്യൂസിക്ക് ഡയറക്ടർ ജതിൻ ലളിത്, ഇരട്ട സഹോദരിമാരായ പൂനം ആന്റ് പ്രിയങ്ക, മധുരാ സനെ, ഡോ. ദിശാ ശ്രീവാസ്തവ തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. മുബൈയിലെ ശരൺ വാലിയയാണ് പരിപാടിയുടെ പ്രധാന സംഘാടകൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല