സ്വന്തം ലേഖകൻ: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ ആകാശ സർവേ പൂർത്തിയായി. റെയിൽവേ പാതയുടെ അലൈൻമെന്റ് നിശ്ചയിക്കുന്നതിനുള്ള സർവേയാണ് പൂർത്തിയായിരിക്കുന്നത്. വിശദമായ പദ്ധതി റിപ്പോര്‍ട്ടും അലൈന്മെന്റും ഉടന്‍ തയാറാക്കുമെന്ന് കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് അതിവേഗ റെയില്‍പാതയ്ക്കുള്ള ആകാശ സര്‍വേ നടത്തിയത്.
അഞ്ചു മുതല്‍ പത്തു സെന്റീമീറ്റര്‍ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്. സർവേ ഓഫ് ഇന്ത്യയടക്കമുള്ള ഏജന്‍സികളും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് പരിശോധിച്ച് തന്ത്രപ്രധാന മേഖലകള്‍ ഒഴിവാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ആറു ദിവസം കൊണ്ട് പൂർത്തിയാക്കിയ സർവേയിൽ റോഡുകൾ, നീർത്തടങ്ങൾ, വൈദ്യുതി ലൈനുകൾ, നദികൾ, കാട്, കെട്ടിടങ്ങൾ എന്നിവ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സർവേ ആരംഭിച്ചത്.
കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളുമായുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും അതിവേഗ പാത ഒരുക്കുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്നു മാറിയാണ് റെയില്‍ ഇടനാഴി നിര്‍മിക്കുക. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലുള്ള പാതയ്ക്കു സമാന്തരമായിരിക്കും ഇടനാഴി. ഓരോ 500 മീറ്ററിലും ക്രോസിങ് സൗകര്യമുണ്ടാകും.
കാസര്‍ഗോഡ് മുതല്‍ കൊച്ചുവേളി വരെ 532 കിലോമീറ്റര്‍ നീളുന്ന സെമി ഹൈ സ്പീഡ് റെയില്‍ ഇടനാഴിയാണു സില്‍വര്‍ ലൈന്‍. 56,443 കോടി രൂപയാണ് ഈ ഇരട്ടപ്പാതയ്ക്കു ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കാസര്‍ഗോഡ്-തിരുവനന്തപുരം യാത്രാസമയം നാലു മണിക്കൂറില്‍ താഴെയാകും. ട്രെയിനുകള്‍ക്കു പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും.
14 ജില്ലകളില്‍ പതിനൊന്നിലൂടെയും ഇടനാഴി കടന്നുപോകും. കൊച്ചുവേളി കഴിഞ്ഞാല്‍ കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്റ്റേഷനുകളാണു വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങളുമായി ഇടനാഴി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. 2024 ഓടെ പദ്ധതി കമ്മിഷന് ചെയ്യുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല