
സ്വന്തം ലേഖകൻ: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ആളുകളില്‍ നിന്ന് ആളുകളിലേക്ക് രോഗം പടരുന്നതിനാല്‍ വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാനം. ചൈനയില്‍ നിന്ന് വന്നവരില്‍ ഒരാള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. നേരത്തെ നിപ ബാധയുണ്ടായപ്പോള്‍ സ്വീകരിച്ച സമാന രീതികള്‍ ഇവിടെയും പാലിക്കേണ്ടതുണ്ട്.
പ്രധാനമായും രോഗ ബാധിത മേഖലയില്‍ നിന്ന് വരുന്നയാള്‍ പൊതു സന്പര്‍ക്കം ഒഴിവാക്കണം. പനി, ചുമ, ജമലദോഷം, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ വൈദ്യപരിശോധനക്ക് വിധേയമാവണം. യാത്രാവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറണം.
വ്യക്തിശുചിത്വം പരമാവധി പാലിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകാലുകള്‍ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറക്കുക, പനിയോ ജലദോഷമോ ഉള്ളവരുമായി നേരിട്ട് സമ്പര്‍ക്കം നടത്താതിരിക്കുക, ജന്തുക്കളില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ വളര്‍ത്തു മൃഗങ്ങളുമായി അകലം പാലിക്കുക, കഴിയുന്നതും പൊതുപരിപാടികളില്‍ പങ്കെടുക്കാതിരിക്കുക എന്നിവ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഈ അടുത്ത കാലത്ത് ചൈനയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിലോ (14 ദിവസത്തിനുള്ളില്‍), നൊവല്‍ കോറോണ വൈറസ് ബാധിതനുമായി എന്തെങ്കിലും സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലോ, താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക:
തിരിച്ചെത്തി 14 ദിവസം വീട്ടില്‍തന്നെ പ്രത്യേകം മാറിത്താമസിക്കുക.
ഒറ്റക്ക് ഒരു മുറിയില്‍ താമസിക്കുക.
മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം നിയന്ത്രിക്കുക, സന്ദര്‍ശകരെ ഒഴിവാക്കുക.
ചുമയ്ക്കുമ്പോളും തുമ്മുമ്പോഴും മൂക്കും വായും പൊത്തുക.
ജലദോഷം, ഫ്‌ളൂ ലക്ഷണങ്ങളുള്ളവരുമായി അടുത്തു പെരുമാറുന്നത് ഒഴിവാക്കുക. (കുറഞ്ഞത് 1 മീറ്ററെങ്കിലും അകലം പാലിക്കണം)
കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ കൈ വൃത്തിയായി കഴുകേണ്ടതാണ്;
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം
രോഗബാധിതരെ പരിചരിക്കുമ്പോള്‍
ഭക്ഷണം ഉണ്ടാക്കുമ്പോഴും അതിന് മുമ്പും ശേഷവും
ഭക്ഷണം കഴിക്കുന്നതിനുമുമ്പ്
ശുചിമുറി ഉപയോഗിച്ച ശേഷം
കൈ അഴുക്കായാല്‍
മൃഗങ്ങളെയോ, മൃഗങ്ങളുടെ മാലിന്യങ്ങളോ കൈകാര്യം ചെയ്താല്‍
ലക്ഷണങ്ങൾ കണ്ടാൽ എന്തുചെയ്യണം?
ചൈനയില്‍ നിന്ന് തിരിച്ചെത്തി 28 ദിവസങ്ങള്‍ക്കുള്ളില്‍ പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാല്‍ കേന്ദ്ര ഗവണ്‍മെമെന്റിന്റെ ആരോഗ്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം നമ്പറായ 91-11-23978046 നമ്പറില്‍ വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക. ഉടന്‍ തന്നെ ഒരു മാസ്‌ക് ധരിച്ച്, നിര്‍ദ്ദേശിച്ചിട്ടുള്ള ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തുക.
ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ
രോഗിയുടെ ജീവൻ രക്ഷിക്കാൻ പ്രാധാന്യം നൽകിയായിരിക്കും നടപടികൾ സ്വീകരിക്കുക. സ്വകാര്യ ആശുപത്രികൾക്കും വേണ്ടത്ര നിർദേശങ്ങൾ നൽകി കഴിഞ്ഞതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. എല്ലാ അടിയന്തര ഘട്ടങ്ങളെയും നേരിടാൻ ആരോഗ്യവകുപ്പ് തയാറാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ വ്യക്തമാക്കി. ചെെനയിൽ നിന്നെത്തിയവർ ആരോഗ്യവകുപ്പിനെ ഉടൻ റിപ്പോർട്ട് ചെയ്യണം.
കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍
ചൈനയിലേക്ക് ആരും പോകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.
ചൈനയിലുള്ള ഇന്ത്യക്കാര്‍ തങ്ങളുടെ ആരോഗ്യനില പരിശോധിക്കണം.
പുണെ, ആലപ്പുഴ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പരിശോധനാസംവിധാനം സജ്ജം.
ഡല്‍ഹിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിവരവിനിമയ കേന്ദ്രം തുറന്നു. 011-23978046 ആണ് നമ്പര്‍.
കേന്ദ്ര ആരോഗ്യമന്ത്രാലയ സ്പെഷ്യല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ ബുധനാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി ചര്‍ച്ചനടത്തി.
നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാർ, പശ്ചിമബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
വിമാനത്താവളങ്ങളില്‍ ആംബുലന്‍സുകള്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. 24 മണിക്കൂറും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കി.
ആശുപത്രികളില്‍ ഐസലോഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വ്യക്തിപരമായ സംരക്ഷണ ഉപകരണങ്ങളും മുഖാവരണങ്ങളും തയ്യാറാണ്. ഇതേക്കുറിച്ചുള്ള കണക്കുകള്‍ സംസ്ഥാനങ്ങള്‍ തയ്യാറാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല