1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2020

സ്വന്തം ലേഖകൻ: ആളൊഴിഞ്ഞ നിരത്തില്‍ ഒരു അഞ്ജാത മൃതദേഹം. മുഖത്ത് മാസ്‌ക്‌. മരിച്ചു വീണുകിടക്കുമ്പോഴും കയ്യിലെ ക്യാരി ബാഗില്‍ നിന്ന് അയാള്‍ പിടിവിട്ടിരുന്നില്ല. ഒരാള്‍ പോലും നിലത്തു കിടക്കുന്ന ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല. ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.

കൊറോണ വൈറസ് ഭീകര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിത്. കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും മൃതദേഹത്തിന്. കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് അടുക്കുന്നു പോലുമില്ല.

ഇതിനോടകം 213 പേര്‍ ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചിട്ടുണ്ട്. ഇതില്‍ 159 മരണങ്ങളും വുഹാനിലാണ്. കൊറോണ പൊട്ടിപ്പുറപ്പെടുന്നതുവരെ വുഹാന്‍ ജനത്തിരക്കേറിയ നഗരമായിരുന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ തെരുവില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കുന്നില്ല. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പോലും അപൂര്‍വ്വമാണ്. ഒരാള്‍ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞ് മരിച്ചാല്‍ പോലും കൊറോണയെ ഭയന്ന് ആരും ആരെയും സഹായിക്കാനെത്താത്ത ഭീകരാവസ്ഥയാണ് ചൈനയിലെന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആശുപത്രികളിലുടനീളം രോഗികളുടെ നീണ്ട നിരയാണ്. ഇതില്‍ രണ്ട് ദിവസമായി ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നവരുണ്ട്. പലരും വീട്ടില്‍ നിന്ന് കസേരയുമെടുത്താണ് ഡോക്ടറെ കാണാന്‍ എത്തിയിരിക്കുന്നത്. മറ്റൊരാള്‍ ഇരുന്ന കസേരയില്‍ പോലും ആരും ഇരിക്കാന്‍ തയ്യാറാകുന്നില്ല.

വുഹാന്‍ ഉള്‍പ്പെടെ കൊറോണ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അത്യാവശ കാര്യങ്ങള്‍ക്ക് നടന്നു പോകുകയൊ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്. വുഹാന്റെ തെരുവുകളിലൂടനീളം ആംബുലന്‍സുകള്‍ ചീറിപ്പായുന്ന കാഴ്ചയും സര്‍വ്വ സാധാരണമായിരിക്കുകയാണ്. വുഹാന്റെ ശ്വാസോച്ഛ്വാസത്തിനുപോലും മരണത്തിന്റെ ഗന്ധമാണെന്ന് നഗരവാസികൾ പറയുന്നു.

വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ മാസ്‌കിന് വലിയ ക്ഷാമം നേരിട്ടതോടെ മടക്കി ഒടിക്കാവുന്ന എന്തും മാസ്‌ക് ആക്കി മാറ്റിയിരിക്കുകയാണ് ഇവിടുള്ളവര്‍. പ്ലാസ്റ്റിക്കും പേപ്പറും പച്ചക്കറിയും തുടങ്ങി അടിവസ്ത്രങ്ങള്‍ വരെ മാസ്‌കുകളായി രൂപാന്തരപ്പട്ടുകഴിഞ്ഞു.

വൈറസ് ശക്തിപ്രാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ട നിര തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാസ്‌കുകളടക്കമുള്ള വ്യക്തിശുചിത്വ വസ്തുക്കള്‍ വിറ്റുകഴിഞ്ഞു. വൈറസ് ഭീതിയെ തുടര്‍ന്ന് രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലാവട്ടെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയും ചെയ്യുന്നു.

മറ്റൊരു വഴിയും ഇല്ലാതായതോടെയാണ് ആളുകള്‍ സാനിറ്ററും നാപ്കിനും പച്ചക്കറിത്തോടുകളും പ്ലാസ്റ്റിക് കവറുകളുംഅടിവസ്ത്രങ്ങളും തുടങ്ങി ഹെല്‍മെറ്റ് വരെ മാസ്‌കുകള്‍ക്ക് പകരം ഉപയോഗിച്ച് തുടങ്ങിയത്. ഇവയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മാസ്‌കുകള്‍ക്ക് ക്ഷാമം നേരിട്ടതോടെ ആരോഗ്യവകുപ്പ് നേരിട്ട് ഇടപെട്ട് ഉത്പാദനം കൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജയില്‍ തടവുകാരെ 24 മണിക്കൂര്‍ തൊഴിലെടുപ്പിച്ച് മാസ്‌ക് ഉത്പാദനം കൂട്ടാനാണ് ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.