
സ്വന്തം ലേഖകൻ: ഇംപീച്ച്‌മെന്റിന്റെ നിഴലില്‍ നില്‍ക്കവേ തന്റെ മൂന്നാമത്തെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസംഗത്തിനിടയില്‍ പ്രതിനിധി സഭയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍.
പ്രസംഗത്തിനായി പ്രതിനിധി സഭയില്‍ എത്തിയ ട്രംപിന് സ്പീക്കര്‍ നാന്‍സി പെലോസി ഹസ്തദാനം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ട്രംപ് ഇതുകണ്ടതായി നടിക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ട്രംപിന്റെ പ്രസംഗത്തിനിടെ അതിന്റെ കോപ്പി വലിച്ചുകീറിക്കൊണ്ട് നാന്‍സി പെലോസി ട്രംപിനോടുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തി.
രണ്ട് സംഭവങ്ങളുടെയും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാലുമാസം മുമ്പ് വൈറ്റ് ഹൗസിലെ യോഗത്തില്‍ നിന്ന് നാന്‍സി പെലോസി ഇറങ്ങി പോയിരുന്നു. ഇതിന് ശേഷം ട്രംപുമായി നേര്‍ക്കുനേര്‍ വരുന്നത് ഇപ്പോഴാണ്. ഇതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രസിഡന്റ് സഭയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന് പരമ്പരാഗതമായി ബഹുമാനം നല്‍കുന്ന വാക്കുകളും പെലോസി ഒഴിവാക്കിയിരുന്നു.
ഡെമോക്രാറ്റുകള്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നീക്കത്തെ ട്രംപ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. പകരം സമ്പദ് വ്യവസ്ഥ, ജോലി – കുടുംബ പ്രശ്നങ്ങള്‍, ആരോഗ്യ പരിപാലന ചെലവ്, കുടിയേറ്റം, ദേശീയ സുരക്ഷ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ട്രംപും ഡെമാക്രാറ്റ്‌സ് പാര്‍ട്ടി അംഗങ്ങളും തമ്മിലുള്ള ഭിന്നത സഭയില്‍ വ്യക്തമായി തെളിഞ്ഞു നിന്നിരുന്നു. ട്രംപിന്റെ പ്രസംഗത്തെ കരഘോഷത്തോടെ എഴുന്നേറ്റ് നിന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ വരവേറ്റപ്പോള്‍ ഡെമോക്രാറ്റുകള്‍ ഭൂരിഭാഗം അംഗങ്ങളും തങ്ങളുടെ സീറ്റുകളില്‍ ഇരിക്കുക മാത്രമാണ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല