
സ്വന്തം ലേഖകൻ: യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ക്ഷണമില്ല. കേന്ദ്രസര്‍ക്കാര്‍ കേജ്‌രിവാളിനെയും സിസോദിയയെയും മനഃപൂര്‍വം ഒഴിവാക്കിയതാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ ഹാപ്പിനസ് ക്ലാസ് കാണുന്നതിനാണ് മെലാനിയ സ്‌കൂള്‍ സന്ദര്‍ശനം നടത്തുന്നത്. ദക്ഷിണ ഡല്‍ഹിയിലെ സ്‌കൂളില്‍ വിശിഷ്ടാതിഥിയായാണ് മെലാനിയ എത്തുന്നത്. ഒരു മണിക്കൂര്‍ നീളുന്ന സ്‌കുള്‍ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ഥികള്‍ക്കൊപ്പം സമയം ചെലവഴിക്കുമെന്നും മെലാനിയ അറിയിച്ചിരുന്നു.
മനീഷ് സിസോദിയയാണ് ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ക്കായി ഹാപ്പിനസ് പാഠ്യപദ്ധതിയില്‍ രണ്ടു വര്‍ഷം മുമ്പ് കൊണ്ടുവന്നത്. വിദ്യാര്‍ഥികളിലെ പരിമുറുക്കം, മാനസിക സമ്മര്‍ദം, ആശങ്ക, ഉത്കണ്ഠ എന്നിവ അകറ്റാനും കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനുമായാണ് ഹാപ്പിനസ് കരിക്കുലം പദ്ധതി നടപ്പിലാക്കിയത്. .
നാൽപ്പത് മിനിട്ട് നീണ്ടുനില്‍ക്കുന്ന മെഡിറ്റേഷനും ക്ലാസിന് പുറത്തുള്ള ആക്ടിവിറ്റികളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സ്‌കൂളുകൾക്കെതിരെ ബി.ജെ.പി വ്യാപകമായി വ്യാജ പ്രചാരണം നടത്തിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മെലാനിയ ട്രംപ് സ്‌കൂളില്‍ എത്തുന്നത്. ട്രംപിന്റെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ദക്ഷിണ ഡൽഹിയിലെ സര്‍ക്കാര്‍ സ്‌കൂളിൽ മെലാനിയ അതിഥിയായി എത്തുന്നത്. പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്ന സമയത്തായിരിക്കും മെലാനിയയുടെ സ്‌കൂള്‍ സന്ദര്‍ശനം.
പരിപാടി ലോകശ്രദ്ധയാകര്‍ഷിച്ചതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലുെയും യുഎഇയിലെയും വിദ്യാഭ്യാസമന്ത്രിമാരും ഉദ്യോഗസ്ഥരും ഡൽഹിയിലെത്തി ഹാപ്പിനസ് ക്ലാസിൽ പങ്കെടുത്തിരുന്നു. ഡൽഹി സ്കൂളുകളിലെ ഹാപ്പിനസ് ക്ലാസുകള്‍ ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെന്നും ഡൽഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസസംബന്ധമായ കോൺഫറൻസുകള്‍ക്കായി ലോകത്ത് എവിടെ ചെന്നാലും ഈ പദ്ധതിയെക്കുറിച്ച് അന്വേഷണം ലഭിക്കാറുണ്ടെന്നുമാണ് ഡൽഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല