
സ്വന്തം ലേഖകൻ: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി വിനയ് ശര്‍മ്മയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് കാണിച്ച് ദല്‍ഹി കോടതിയില്‍ നല്കിയ ഹരജി തെറ്റെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍. മാനസിക പ്രശ്നമുണ്ടെന്നും അതുകൊണ്ട് ചികിത്സവേണമെന്നുമുള്ള പ്രതിയുടെ വാദം തെറ്റാണെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. പ്രതിയുടെ മാനസിക ആരോഗ്യം പൂര്‍ണ തൃപ്തമാണെന്നും ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു.
വിനയ് ശര്‍മ്മയുടെ കൗണ്‍സിലര്‍ എ.പി.സിംഗ് വിനയ് ശര്‍മ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹി കോടതി തീഹാര്‍ ജയില്‍ അധികൃതരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയത്.
ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹ്യൂമണ്‍ ബിഹേവിയറില്‍ ചികിത്സ വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. എന്നാല്‍ പ്രതിയുടെ ആവശ്യം അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്ന നിലപാടാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഇര്ഫാന് അഹമ്മദ് സ്വീകരിച്ചത്.
നിര്‍ഭയ ബലാംത്സംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി വിനയ് ശര്‍മ്മയുടെ അഭിഭാഷകനെതിരെ വിമര്‍ശനവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി നേരത്തെ രംഗത്തെത്തിയിരുന്നു. വിനയ് ശര്‍മ്മയ്ക്കല്ല അയാളുടെ അഭിഭാഷകനായ എ.പി സിംഗിനാണ് മാനസിക ബുദ്ധിമുട്ടുകളെന്നും അയാള്‍ക്കാണ് വിശ്രമം വേണ്ടതെന്നുമാണ് ആശാ ദേവി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല