1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2020

സ്വന്തം ലേഖകൻ: 3000 വർഷങ്ങൾക്കു മുൻപ് പൊട്ടിത്തെറിച്ച ‘കറുത്ത രാക്ഷസൻ’ എന്ന പേരിൽ അറിയപ്പെടുന്ന അഗ്നിപർവതം വീണ്ടും അപകടം വിതയ്ക്കുമെന്ന് സൂചന. സാറ്റലൈറ്റ് ചിത്രങ്ങളിൽ പരിശോധിച്ച ശേഷം ഗവേഷകരാണ് ഇൗ സൂചന നൽകിയിരിക്കുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും പ്രമുഖ അഗ്നിപർവതങ്ങളിലൊന്നായ ടങ്കുറാഹ്യുവയെക്കുറിച്ചാണു ഗവേഷകരുടെ മുന്നറിയിപ്പ്. ഇക്വഡോറിലെ പ്രശസ്ത അഗ്നിപർവതമായ ഇതിന് തീ നിറച്ച കഴുത്തെന്നും കറുത്ത രാക്ഷസനെന്നുമൊക്കെയാണു വിളിപ്പേര്.

സജീവ അഗ്നിപർവതമായതിനാൽത്തന്നെ ഗവേഷകർ വർഷങ്ങളായി ഇതിനെ നിരീക്ഷിക്കുകയാണ്. അടുത്തിടെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു കാര്യം കണ്ടെത്തിയത്. പർവതത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് കാര്യമായ മാറ്റങ്ങൾ കണ്ടെത്തി. പർവതം ഇടിഞ്ഞ് അതിന്റെ രൂപംതന്നെ മാറിപ്പോയിരിക്കുന്നു. അഗ്നിപർവതത്തിനകത്തെ മാഗ്മയിലുണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

1999 മുതൽ സജീവമായി, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന സൂചന നൽകുന്നുണ്ട് ടങ്കുറാഹ്യുവ. ആ വർഷം പുറത്തേക്കു പ്രവഹിച്ച പാറയും ലാവയും ചാരവുമെല്ലാം ഭീതി പടർത്തിയതോടെ പ്രദേശത്തെ കാല്‍ ലക്ഷത്തോളം പേരെയാണ് ഒഴിപ്പിക്കേണ്ടി വന്നിരുന്നു. ഇതിനു മുൻപ് പർവതത്തിന്റെ പടിഞ്ഞാറൻ ഭാഗം ഇടിഞ്ഞത് 3000 വർഷം മുൻപാണ്. അതിനു തൊട്ടുപിന്നാലെയാണ് ടങ്കുറാഹ്യുവ പൊട്ടിത്തെറിച്ചത്. അഗ്നിപർവതത്തിൽ നിന്ന് അന്ന് മണ്ണും പാറയും മഞ്ഞും വെള്ളവും ലാവയുമെല്ലാം ഒഴുകിപ്പരന്നത് 30 ചതുരശ്ര മൈൽ പ്രദേശത്താണ്.

ഇനിയൊരിക്കൽക്കൂടി പൊട്ടിത്തെറിച്ചാൽ മേഖലയില്‍ വൻ നാശനഷ്ടമായിരിക്കും ഉണ്ടാവുകയെന്നും ഏർത്ത് ആൻഡ് പ്ലാനറ്ററി സയൻസ് ലെറ്റേഴ്സ് ജേണലിലെ പഠനറിപ്പോർട്ടിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.