1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2020

സ്വന്തം ലേഖകൻ: ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതില്‍ വിഷമിച്ച് കരഞ്ഞ ഒമ്പതുവയസ്സുകാരന്‍ ക്വാഡന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ക്വാഡനെ ഡിസ്‌നിലാന്ഡിലേക്കയക്കാന്‍ വേണ്ടി ജനങ്ങള്‍ സ്വരൂപിച്ച് നല്‍കിയ പണം കാരുണ്യ പ്രവര്‍ത്തന സംഘടനകള്‍ക്ക് കൊടുക്കാനാണ് ക്വാഡന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.

ഹോളിവുഡ് നടനും കൊമേഡിയനുമായ ബ്രാഡ് വില്യംസിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച 70000 ഡോളറാണ് (50 ലക്ഷം ഇന്ത്യന്‍ രൂപ) ഇവര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത്.

“ഈ പണം അതിനാവശ്യമുള്ള കാരുണ്യപ്രവര്‍ത്തന സംഘടനകളുടെ കൈയ്യിലാണ് എത്തേണ്ടത്. ഈ പണം എങ്ങനെ വിനിയോഗിക്കണമെന്ന് അവര്‍ക്കറിയാം,” ക്വാഡന്റെ അമ്മയുടെ സഹോദരി എന്‍.ഐ.ടി.വി ന്യൂസിനോട് പറഞ്ഞു.

“ഏതു കുട്ടിക്കാണ് ഡിസ്‌നിലാന്‍ഡിലേക്ക് പോവാന്‍ താല്‍പര്യമില്ലാത്തത്? പ്രത്യേകിച്ച് ക്വാഡനെ പോലൊരുകുട്ടിക്ക്. പക്ഷെ നമുക്ക് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കാം എന്നാണ് എന്റെ സഹോദരി പറഞ്ഞത്. ഈ ചെറിയ കുട്ടി കളിയാക്കപ്പെട്ടിരിക്കുന്നു. ഇത്തരകത്തിലുള്ള ഉപദ്രവിക്കലും കളിയാക്കലും മൂലം എത്ര ആത്മഹത്യകളാണ് നടക്കുന്നത്. അതിനാല്‍ തന്നെ ഞങ്ങളുടെ ഡിസ്‌നിലാന്‍ഡ് യാത്രയേക്കാളും കാരുണ്യ പ്രവര്‍ത്തന സംഘടനകള്‍ക്കാണ് ഈ പണം ആവശ്യം,” അവർ കൂട്ടിച്ചേർത്തു.

ഉയരക്കുറവിന്റെ പേരില്‍ മുന്‍പ് അവഗണനകള്‍ നേരിട്ട കൊമേഡിയനായ ബ്രാഡ് വില്യംസ് ആണ് ക്വാഡന് പിന്തുണയറിയിച്ചു കൊണ്ട് ഓണ്‍ലൈന്‍ മുഖേന സംഭാവന സ്വരൂപിക്കലിന് തുടക്കമിട്ടത്. ക്വാഡനെയും അമ്മയെയും ഡിസ്‌നി ലാന്‍ഡിലേക്കയക്കാന്‍ വേണ്ടിയായിരുന്നു ഇത്.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്വാഡന് സഹായമെത്തി. ബ്രാഡ് വില്യംസിെന കൂടാതെ നിരവധി താരങ്ങള്‍ ക്വാഡന് പിന്തുണയറിയിച്ചിരുന്നു.

ഓസ്ട്രേലിയന്‍ നാഷണല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജെനസ് ഓള്‍ സ്റ്റാര്‍സ് ടീമിനെ ക്വാഡനായിരുന്നു മുന്നില്‍ നിന്ന് നയിച്ചത്. ടീമിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ക്വാഡന്‍ എത്തിയത്. താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിലിറങ്ങിയ ക്വാഡന്‍ ഇരു ടീം അംഗങ്ങള്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും കൈ കൊടുക്കുകയും ചെയ്തു.

ഉയരക്കുറവ് മൂലം കൂട്ടുകാരുടെ നിരന്തരമുള്ള പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന ക്വാഡന്റെ വീഡിയോ ആണ് അമ്മയായ യരക്ക ബെയില്‍സ് പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.