1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 29, 2020

സ്വന്തം ലേഖകൻ: അക്രമബാധിത പ്രദേശമായ വടക്കുകിഴക്കന്‍ ദില്ലിയിലെ സ്കൂളുകള്‍ മാര്‍ച്ച് ഏഴ് വരെ അടഞ്ഞുകിടക്കും.വാര്‍ഷിക പരീക്ഷകളും ഇതുവരെ നീട്ടിവെച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷന്‍ എക്സാമിനേഷന്‍ സെല്ലാണ് ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. ദില്ലിയിലെ അക്രമത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപരും പ്രധാനാധ്യാപകരും ഇന്ന് യോഗം ചേര്‍ന്നിരുന്നു.

നേരത്തെ ഫെബ്രുവരി 29വരെ സ്കൂളുകള്‍ അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വടക്കുകിഴക്കന്‍ ദില്ലിയിലെ സ്കൂളുകളിലെ വാര്‍ഷിക പരീക്ഷയുടെ പുതുക്കിയ തിയ്യതി ഉടന്‍ പ്രഖ്യാപിക്കും. പ്രശ്ന ബാധിത പ്രദേശങ്ങളിലെ സ്കൂളുകള്‍ക്ക് കഴിഞ്ഞ അ‍ഞ്ച് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. സിബിഎസ് സിയും ഫെബ്രുവരി 29 വരെ പരീക്ഷകള്‍ നീട്ടിവെച്ചിരുന്നു.

പ്രശ്നബാധിത പ്രദേശങ്ങളിലെ മൗജ്പൂര്‍, ജഫ്രാബാദ്, ബാബര്‍ പൂര്‍ എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സതീഷ് ഗൊല്‍ച്ചയുടെ നേതൃത്വത്തില്‍ ഫ്ലാഗ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇവിടങ്ങളിലെ സമാധാന പൂര്‍ണ്ണവും നിയന്ത്രണ വിധേയവുമാണെന്നാണ് പോലീസ് കമ്മീഷണര്‍ അറിയിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ നിരോധനാജ്ഞയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്ന ബാധിത പ്രദേശങ്ങള്‍ നിരീക്ഷണത്തിലാണെന്നും സമ്പൂര്‍ണ്ണ സമാധാനം കൈവരിക്കുന്നതുവരെ സേനാ വിന്യാസം തുടരുമെന്നും ഗൊല്‍ച്ച കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമഭേദഗതിയെച്ചൊല്ലി ദില്ലിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതിനകം 42 പേരാണ് കൊല്ലപ്പെട്ടത്. 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം വടക്കുകിഴക്കന്‍ ദില്ലിയിലെ കടകളും, സ്കൂളുകളും പെട്രോള്‍ പമ്പും അഗ്നിക്കിരയാക്കിയിരുന്നു. ജഫ്രാബാദ്, മൗജ്പൂര്‍, ബാബര്‍പൂര്‍, യമുനാ വിഹാര്‍, ഭജന്‍പുര, ചന്ദ്ബാഗ്, ശിവ് വിഹാര്‍, എന്നിവയാണ് ദില്ലിയിലെ പ്രശ്ന ബാധിത പ്രദേശങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.