1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2020

സ്വന്തം ലേഖകൻ: ഖത്തറില്‍ കൊറോണ വൈറസ് (കൊവിഡ്-19) പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മലയാളഭാഷയില്‍ മുന്നറിയിപ്പുമായി ഖത്തര്‍ മന്ത്രാലയം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പേജിലാണ് കൊറോണയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും വിവരങ്ങള്‍ അറിയാനായി അധികൃതരെ മാത്രം വിളിക്കുക എന്നറിയിച്ചിരിക്കുന്നത്.

“കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും അതില്‍ പങ്കാളിയാവുന്നതും ഗുരുതരമായ കുറ്റമാണ്. അതിനു നിങ്ങള്‍ നിയമപരമായി ഉത്തരവാദികളായിരിക്കും. കിംവദന്തികള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ ബന്ധപ്പെട്ട അധികൃതര്‍ വിളിച്ചുവരുത്തുകയും അവര്‍ക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുകയും ചെയ്യും. വിവരശേഖരണത്തിന് ഔദ്യോദഗിക ഏജന്‍സികളെ മാത്രം ആശ്രയിക്കുന്നത് കിംവദന്തികളില്‍ നിന്നും അജ്ഞാതകഥകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സഹായകമാവും,” ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഖത്തറില്‍ ഇതുവരെ 15 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 14 രാജ്യത്തില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം വിലക്കിയിരുന്നു.

ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റിംഗ് വിസയുള്ളവര്‍ തുടങ്ങി ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള എല്ലാ തരം യാത്രകളും വിലക്കിയിരിക്കുന്ന സാഹചര്യത്തില്‍ നാട്ടില്‍ അവധിക്കെത്തി തിരിച്ചുപോകാനിരിക്കുന്നവരുടെ കാര്യം ആശങ്കയിലാണ്. പ്രവേശന വിലക്ക് വന്നതിനാല്‍ ഖത്തറില്‍ നിന്നും അവധിക്ക് നാട്ടില്‍ വരാനിരിക്കുന്നവരും യാത്രകള്‍ മാറ്റിവെക്കുന്ന സാഹചര്യമാണ്.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ,തായ്‌ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, സിറിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ ഇന്ത്യക്കു പുറമെ ഖത്തറില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എത്ര നാള്‍ വരെയാണ് പ്രവേശന വിലക്ക് ഉണ്ടായിരിക്കുക എന്ന അറിയിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാനാകില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.