
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനവും രാജ്യത്തെ ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യ നേരിടുന്നതു കോടികളുടെ നഷ്ടം. രാജ്യാന്തര, ആഭ്യന്തര സർവീസുകൾ സസ്പെൻഡ് ചെയ്തതോടെ ദിവസവും 30–35 കോടിയാണു കമ്പനിക്കു നഷ്ടമെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തത്.
“സർക്കാരിന്റെ നിർദേശത്തെത്തുടർന്ന് മറ്റു കമ്പനികളെപ്പോലെ ഞങ്ങളുടെയും ഒരു യാത്രാവിമാനം പോലും സർവീസ് നടത്തുന്നില്ല. ഇതുമൂലം പ്രതിദിന നഷ്ടം 30–35 കോടിയാണ്. ഇന്ധനം, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, വിമാനത്താവള വാടക തുടങ്ങിയ ചെലവുകളിൽ കുറവുണ്ടാകാം. എന്നാൽ ലോക്ക്ഡൗൺ കാലയളവിൽ ജീവനക്കാരുടെ ശമ്പളവും അനുകൂല്യങ്ങളും, കെട്ടിടങ്ങളുടെ വാടക, മിനിമം മെയിന്റനൻസ്, വായ്പാ പലിശ, മറ്റ് ചെലവുകൾ എന്നിവ മുടങ്ങുന്നില്ല,” എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ശരാശരി 60–65 കോടിയാണ് എയർ ഇന്ത്യയുടെ പ്രതിദിന വരുമാനം. ഇതിൽ 90 ശതമാനവും യാത്രക്കാരിൽനിന്നുള്ളതാണ്. വരുമാനത്തിന്റെ അതേ അളവിലാണ് ചെലവും. 250 കോടിയോളം രൂപ പ്രതിമാസം ശമ്പളത്തിനായി എയർ ഇന്ത്യ മാറ്റിവയ്ക്കേണ്ടതുമുണ്ട്. എയർ ഇന്ത്യയ്ക്കു മാത്രമല്ല രാജ്യത്തിനാകെ ലോക്ക്ഡൗൺ സാരമായി ബാധിക്കുമെന്നാണു വിദഗ്ധർ പറയുന്നത്. ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ (ജിഡിപി) 4% നഷ്ടമുണ്ടാക്കുമെന്നാണു സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല