
സ്വന്തം ലേഖകൻ: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമല സീതാരാമനാണ് പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തെ പാവപ്പെട്ടവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന അഞ്ച് കിലോയ്‌ക്ക് പുറമേയാണിത്. രാജ്യത്തെ 80 കോടി പാവപ്പെട്ടവർക്ക് ഇത് പ്രയോജനപ്പെടും.
രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും ധനമന്ത്രി പറഞ്ഞു. ഒരു അംഗത്തിനാണ് അഞ്ച് കിലോ അരിയോ ഗോതമ്പോ ലഭിക്കുക. ഇതോടൊപ്പം ഒരു കിലോ ഭക്ഷ്യധാന്യങ്ങളും സൗജന്യമായി നൽകും. ‘പ്രധാനമന്ത്രി കല്യാൺ യോജന’ പദ്ധതി പ്രകാരമാണിത്. ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി ഇന്നു പ്രഖ്യാപിച്ചത്.
കര്‍ഷകര്‍ക്ക് അടിയന്തരമായി 2000 രൂപ വീതം അടുത്തമാസം ഒന്നിന് അക്കൗണ്ടില്‍ എത്തും. തൊഴിലുറപ്പ് കൂലി 202 രൂപയായി വർധിപ്പിച്ചു. നേരത്തെ ഇത് 182 രൂപയായിരുന്നു. ഇതോടെ പ്രതിമാസം 2000 രൂപയുടെ വര്‍ധനയുണ്ടാകും. അഞ്ച് കോടി കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കൾ ആകും. വിധവകൾക്കും പ്രായമായവർക്കും 1000 രൂപ വീതം നൽകും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അക്ഷീണം പ്രയത്നിക്കുന്ന സർക്കാർ ആശുപത്രികളിലെ ജിവനക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തും. ഒരു ജീവനക്കാരനു 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. ആശ വർക്കർമാരും ഇതിൽ ഉൾപ്പെടും. ജന്‍ധന്‍ അക്കൗണ്ടില്‍ മൂന്നുമാസം 500 രൂപ വീതം വനിതകൾക്കു നല്‍കും. 8 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യും. മൂന്ന് മാസത്തേക്കാണ് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുക. വ്യവസായം ആരംഭിക്കാൻ സ്ത്രീകൾക്കായി 20 ലക്ഷം രൂപ വരെ ലോൺ നൽകും.
സംഘടിത മേഖലകളില്‍ നൂറ് ജീവനക്കാരില്‍ താഴെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഇപിഎഫിന്റെ 24 ശതമാനം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. ജീവനക്കാരനും മുതലാളിയും അടയ്‌ക്കേണ്ട 12 ശതമാനം വീതമാണ് സര്‍ക്കാര്‍ അടയ്ക്കുക. 90 ശതമാനം ജീവനക്കാരും 15,000-ല്‍ താഴെ ശമ്പളം വാങ്ങിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇപിഎഫില്‍ നിന്നും 75 ശതമാനം തുകയോ മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പിന്‍വലിക്കാന്‍ അനുവദിക്കും. ഇതില്‍ ഏതാണോ കുറവ് ആ തുകയാണ് ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല