1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2020

സ്വന്തം ലേഖകൻ: ജനസാന്ദ്രതയേറിയ രാജ്യമാണ് ജപ്പാന്‍. ജനുവരിയില്‍ മാത്രം ചൈനയില്‍നിന്ന് ജപ്പാനിലെത്തിയത് 9,25,000 പേരാണ്. ഫെബ്രുവരിയില്‍ 89,000 പേരും. എന്നിട്ടും വളരെ കുറച്ച് കേസുകള്‍ മാത്രമാണ് ജപ്പാനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.യഥാര്‍ഥ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്ന എന്ന വിമര്‍ശനം തന്നെയാണ് ആദ്യമുയര്‍ന്നതും.

ഇത്തവണത്തെ ഒളിമ്പിക്‌സിന് ആതിഥേയം വഹിക്കേണ്ട രാജ്യമായിരുന്നതുകൊണ്ടും ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിരുന്നതിനാലും ഒളിമ്പിക്‌സ് നടത്തുന്നതിന് ജപ്പാന്‍ സുരക്ഷിതമാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ആഗ്രഹമായിരുന്നുവെന്ന്‌ രാഷ്ട്രീയ ശാസ്ത്രജ്ഞനായ കൊയിച്ചി നകാനോ പറയുന്നു. അതുകൊണ്ടായിരിക്കാം കോവിഡ് 19 ബാധിതരുടെ എണ്ണം ഇത്ര കുറവെന്നായിരുന്നു പ്രാഥമിക നിഗമനം.

പക്ഷേ അതായിരുന്നില്ല വാസ്തവം. കോവിഡ് വൈറസ് പൊട്ടിപുറപ്പെട്ടന്നറിഞ്ഞ ഉടന്‍ ജപ്പാന്‍ ദ്രുതഗതിയില്‍ നടപടികളെടുത്തു, അമാന്തിച്ചുനിന്നില്ല, സ്‌കൂളുകള്‍ മൂന്നാഴ്ചയിലേക്ക് അടച്ചു, പൊതുപരിപാടികള്‍ റദ്ദാക്കി. എന്നാല്‍ കടകളും റെസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിച്ചു. ജീവനക്കാര്‍ കുറച്ചുപേര്‍ വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുത്തു.

പ്രതിദിനം 6000 പരിശോധനകള്‍ നടത്താന്‍ കെല്‍പ്പുള്ള രാജ്യമാണ് ജപ്പാന്‍. എന്നിട്ടുകൂടി അതിഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവരുടെ സ്രവപരിശോധന മാത്രമായിരുന്നു ജപ്പാനില്‍ നടത്തിയിരുന്നത്. ഇന്നുവരെ ജപ്പാന്‍ ആകെ നടത്തിയത് 14,000 കേസുകള്‍ മാത്രം. അയല്‍രാജ്യമായ ദക്ഷിണ കൊറിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 ഇരട്ടി കുറവ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ അധികമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളെന്നും വാദമുണ്ട്.

ജാപ്പനീസുകാര്‍ പരസ്പരം അഭിവാദനം ചെയ്യുന്ന രീതിയും ജീവിതശൈലിയും വൈറസ് വ്യാപനത്തെ തടയാന്‍ ഒരു പരിധി വരെ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍. കൈ കഴുകുക, അണുനാശിനി ലായനി ഉപയോഗിച്ച് കവിള്‍ കൊള്ളുക, മാസ്‌ക് ധരിക്കുക എന്നിവ ഞങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇതെല്ലാം ഞങ്ങളെ പഠിപ്പിക്കാന്‍ കൊറോണ വൈറസ് വരേണ്ട ആവശ്യമില്ല- ജാപ്പനീസ് സ്വദേശിനി പറയുന്നു.

കൊറോണ വൈറസ് കേസുകളില്‍ ഗണ്യമായ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച പ്രധാനമന്ത്രി നിരോധനാജ്ഞ പിന്‍വലിച്ചിരുന്നു. ജപ്പാന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. സ്‌കൂളുകള്‍ തുറന്നു, ഇവിടെ നല്ല പോലെ കാറ്റും വെളിച്ചവും കടക്കുന്ന മുറികളില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ പഠിക്കുന്നു. അമ്യൂസ്‌മെന്റ് പാര്‍ക്കുകളും തുറന്നിട്ടുണ്ട്. എന്നാല്‍ പനിയുള്ള ആളുകള്‍ക്ക് കൃത്യമായി സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വലിയ പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്നുണ്ട്.

രണ്ടാം ഘട്ട അണുബാധ നേരിടേണ്ടി വന്നേക്കുമോ എന്ന ചിന്തയില്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുമുണ്ട് ജപ്പാന്‍. വിദേശ യാത്രക്കാരെ ഒരു ഭീഷണിയായി തന്നെയാണ് ജപ്പാന്‍ ഇപ്പോഴും കണക്കാക്കുന്നത്. ദക്ഷിണ കൊറിയിയലേയും യൂറോപ്യന്‍ യൂണിയനിലേയും യാത്രക്കാര്‍ക്ക് ജപ്പാനില്‍ പ്രവേശിക്കുന്നതിനുളള വിലക്ക് നിലനില്‍ക്കുന്നുണ്ട്. ജപ്പാനില്‍ താമസിക്കുന്ന വിദേശികള്‍ക്ക് മടങ്ങാന്‍ അനുമതിയുണ്ടെങ്കിലും അവിടെയെത്തിയ ശേഷം 14 ദിവസം കപ്പലില്‍ തുടരണം. അനൗദ്യോഗിക വിവരങ്ങള്‍ അനുസരിച്ച്, കുറഞ്ഞത് ഏപ്രില്‍ അവസാനം വരെ നിലിവുള്ള നടപടികള്‍ തുടരാണ് ജപ്പാന്റെ തീരുമാനം.

ചൈനയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന മഹാമാരി വിയറ്റ് നാമിലെത്താന്‍ അധിക സമയം വേണ്ടിവരില്ലെന്നായിരുന്നു ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗത്തില്‍ പ്രധാനമന്ത്രിയായ ന്യൂയെന്‍ ഷുവാന്‍ ഫൂക് പറഞ്ഞത്. ഈ പകര്‍ച്ചവ്യാധിയോട് പോരാടുന്നത് ശത്രുവിനോട് പോരാടുന്നത് പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍നിന്ന് 1,100 കിലോമീറ്റര്‍ മാത്രം അകലെയാണ് വിയറ്റ്‌നാം. ഇതുവരെ 153 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. വിയ്റ്റ്‌നാം സ്വീകരിച്ച പ്രതിരോധ നടപടികള്‍ തന്നെയാണ് അതിന് കാരണം.

വൈറസിനോട് പോരാടാന്‍ വേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളില്‍ ഒന്ന് സര്‍ക്കാര്‍ ഫണ്ടാണ്, മറ്റൊന്ന് പൊതുജനാരോഗ്യ സംവിധാനവും. വിയറ്റ്‌നാമിന് ഇത് രണ്ടുമില്ല. ദക്ഷിണ കൊറിയ ചെയ്തതുപോല 3,50,000 പരിശോധനകള്‍ നടത്താന്‍ വിയറ്റ്‌നാമിന് സാധിക്കില്ല. അത്ര ചുരുങ്ങിയ മെഡിക്കല്‍ സംവിധാനങ്ങളാണ് അവിടെയുള്ളത്. അതിനാല്‍ തന്നെ അതിവേഗം പ്രതിരോധത്തിലേക്ക് കടക്കുകയായിരുന്നു രാജ്യം സ്വീകരിച്ച നടപടി. കര്‍ശനമായ ക്വാറന്റൈന്‍ നയങ്ങള്‍ ഏര്‍പ്പെടുത്തി. വൈറസ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ അതിവേഗത്തില്‍ പിന്തുടര്‍ന്ന് കണ്ടെത്തി. ഒരു പക്ഷേ, ചൈനയേക്കാള്‍ മുന്‍പേ ഇത് നടപ്പാക്കിയത് വിയറ്റ്‌നാമായിരിക്കണം.

രാജ്യത്ത് പത്തു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്തുതന്നെ നഗരങ്ങളില്‍ മൂന്നാഴ്ച കര്‍ശന ക്വാറെന്റൈന്‍ നടപ്പാക്കി. വൈറസ് ബാധിതരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവരുടെ വരെ രേഖകള്‍ ഉണ്ടാക്കി. ജര്‍മനി പോലെയുള്ള രാജ്യങ്ങളില്‍ കൊറോണ ബാധിച്ചവരുടെയും അവരുമായി നേരിട്ട് ബന്ധം പുലര്‍ത്തിയവരുടെയും പട്ടിക മാത്രം തയ്യാറാക്കിയപ്പോള്‍ വിയറ്റ്‌നാം ചെയ്തത് സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും തലത്തിലുള്ള ആളുകളുടെ വരെ പട്ടിക ഉണ്ടാക്കുകയാണ്. ഇവര്‍ക്ക് കര്‍ശന സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടങ്ങളില്‍ നിന്ന് വിയറ്റനാമില്‍ എത്തിയവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ താമസിപ്പിച്ചു. ഫെബ്രുവരി തുടക്കത്തില്‍ തന്നെ വിദ്യാലയങ്ങളും സര്‍വകലാശാലകളും അടച്ചു.

മെഡിക്കല്‍, ടെക്‌നോളജി സംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ പൊതുനിരീക്ഷണത്തിനായി സൈന്യത്തെ വിന്യസിച്ചു. എല്ലാ തെരുവുകളുടെയും ഗ്രാമങ്ങളുടെയും അതിര്‍ത്തികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചാരന്മാരുടെയോ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ നിരീക്ഷണത്തിലായിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ഇത് വളരെയധികം സഹായിച്ചു. നിയന്ത്രണങ്ങളെ തുടര്‍ന്ന് ദോഷവശങ്ങളും ഇല്ലാതിരുന്നില്ല. വൈറസ് ബാധിതര്‍ സമൂഹത്തില്‍ നിന്നുമാത്രമല്ല സോഷ്യല്‍ മീഡിയയില്‍ നിന്നുപോലും പുറത്താക്കപ്പെട്ടു. നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് വിയ്റ്റനാമില്‍ ഒരു സ്ത്രീക്ക് നേരിടേണ്ടി വന്നത് കടുത്ത സൈബര്‍ ആക്രമണങ്ങളെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.