
സ്വന്തം ലേഖകൻ: കൊവിഡ്-19 പ്രത്യാഘാതം മൂലം കിഴക്കന്‍ ഏഷ്യയില്‍ വലിയ സാമ്പത്തിക തളര്‍ച്ച ഉണ്ടാവുമെന്ന് ലോകബാങ്ക്. ചൈനയുള്‍പ്പെടുന്ന കിഴക്കേനേഷ്യന്‍ രാജ്യങ്ങളില്‍ വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടാവുമെന്നും ഒരു കോടിയിലേറെ പേര്‍ പട്ടിണിയാലാവാന്‍ സാധ്യതയെന്നും ലോക ബാങ്ക് പറയുന്നു. രണ്ടു പതിറ്റാണ്ടു മുമ്പ് ഏഷ്യയിലുണ്ടായ കറന്‍സി മാന്ദ്യത്തിന് ശേഷമുള്ള താഴ്ന്ന സാമ്പത്തിക മാന്ദ്യമായിരിക്കുമിതെന്നും ഇവര്‍ പറയുന്നു. തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2019ല്‍ മേഖലയിലെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനമായിടത്ത് 2.1 ശതമാനം കുറയുമെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സാഹചര്യങ്ങള്‍ ഇനിയും മോശമാകുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം മേഖലയിലെ സാമ്പത്തിക വളര്‍ച്ച 0.5 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. സ്ഥിതിഗതികള്‍ മോശമായാല്‍ 1 കോടിയിലേറെ ജനങ്ങള്‍ ഏഷ്യയില്‍ പട്ടിണിയാവാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡിനു മുമ്പേ ഏഷ്യയിലെ സാമ്പത്തിക വളര്‍ച്ച 3കോടി 50 ലക്ഷം പേരെ പട്ടിണിയില്‍ നിന്നും കരകയറ്റുമെന്ന് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു.
ഏഷ്യയിലെ സാമ്പത്തിക തകര്‍ച്ച ലോകസാമ്പത്തിക മേഖലയിലെയും കാര്യമായി ബാധിക്കും. 1997-98 ലെ ഏഷ്യന്‍ കറന്‍സിക്കുണ്ടായ ഇടിവ് ആഗോള സമ്പദ് വ്യവസ്ഥ 40 ശതമാനം താഴ്ന്നിരുന്നു. ഏഷ്യക്കു പുറമെ ആഗോള തലത്തില്‍ സാമ്പത്തിക റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടില്ലെന്നാണ് ലോകബാങ്ക് അറിയിച്ചിരിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ വളര്‍ച്ച ഈ വര്‍ഷം 2.3 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 6.1 ശതമാനമായിരുന്നു. ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആഗോളതലത്തില്‍ കൊവിഡ് വാക്‌സിനായുള്ള ശ്രമം നടക്കണമെന്നും ലോകബാങ്കിന്റെ കിഴക്കന്‍ ഏഷ്യ എക്കണോമിസ്റ്റായ ആദിത്യ മട്ടോ പറഞ്ഞു.
അതിനിടെ കൊറോണ വൈറസിന്റെ ഭീതി അവസാനിച്ചെന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് വിഡ്ഢിത്തമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കൊറോണ മാറുന്ന കാര്യം എത്രയോ ദൂരെയുള്ള കാര്യമാണ്. എല്ലാവരും കരുതിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ചൈനയില്‍ മരണസംഖ്യ കുറഞ്ഞതോടെ സാധാരണ നിലയിലേക്ക് എല്ലാവരും മടങ്ങിയെത്തിയിരിക്കുകയാണ്. ഇതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വലിയ ആത്മവിശ്വാസം വന്നിട്ടുണ്ട്. രോഗം ഭേദപ്പെട്ടു എന്ന് പലരും കരുതുന്നുണ്ട്. ഇതിനുള്ള മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കിയത്.
കൊറോണയെ ഇല്ലാതാക്കാന്‍ ദീര്‍ഘകാലത്തെ യുദ്ധം വേണ്ടി വരും. നമ്മുടെ സുരക്ഷ ഒരിക്കലും ഈ അവസരത്തില്‍ കുറയാന്‍ പാടില്ല. സമൂഹ വ്യാപനത്തെ തടയാന്‍ എല്ലാ രാജ്യങ്ങളും മുന്നൊരുക്കങ്ങള്‍ നടക്കണം. കുറഞ്ഞ സൗകര്യങ്ങള്‍ മാത്രമുള്ള രാജ്യങ്ങള്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തണം. ഇവര്‍ സാമ്പിളുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് വേഗത്തില്‍ അയക്കണം. എന്നാല്‍ മാത്രമേ പരിശോധനാ ഫലം പെട്ടെന്ന് ലഭിക്കൂ.യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. രോഗം ഭേദമായി എന്ന് കരുതുന്ന രാജ്യങ്ങളില്‍ അത് തിരിച്ചുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു രാജ്യവും ഇതില്‍ നിന്ന് സുരക്ഷിതമല്ല. കൂടുതല്‍ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും സംഘടന പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല