
സ്വന്തം ലേഖകൻ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ലോകത്തിന്റെ പ്രാണനെടുക്കുകയാണ്. ആഗോള തലത്തിൽ ഇതുവരെ 38000 ത്തിൽ അധികം പേർക്കാണ് വൈറസ് ബാധമൂലം ജീവഹാനി സംഭവിച്ചത്. എട്ട് ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ യൂറോപ്പിലും വടക്കേ അമേരിക്കയിലും രോഗം കാട്ടുതീ പോലെ പടരുകയാണ്. വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിൽ മാത്രമാണ് ഇതുവരെ രോഗബാധ ഇല്ലാത്തത്.
അതേസമയം രോഗത്തിന്റെ പ്രഭാവ കേന്ദ്രമായ ചൈനയിൽ രോഗബാധിതരുടെ എണ്ണം ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഒരുപരിധി വരെ രോഗത്തെ പിടിച്ച് നിർത്താൻ സാധിച്ചതോടെ നേരത്തേ ഏർപ്പെടുത്തിയ നിയന്ത്രണങ്ങഴിലെല്ലാം ഇളവ് വരുത്തിയിരിക്കുകയാണ് സർക്കാർ.
കോവിഡിന്റെ പ്രത്യാഘാതങ്ങൾ ചൈനയുടെ വ്യവസായ മേഖല മറികടക്കുന്നുവെന്ന വാർത്തകൾ ഏതാനും ദിവസങ്ങളായി കേൾക്കുന്നുണ്ട്. ചൈനീസ് സമ്പദ്ഘടനയുടെ ജീവനാഡിയായ ഉൽപാദന മേഖല ജിഡിപിയുടെ 30% സംഭാവന ചെയ്യുന്നു. ലോക്ഡൗൺ മൂലം വ്യവസായ മേഖല താറുമാറായിരുന്നു. ഈ വർഷം ആദ്യ രണ്ടു മാസം ഉൽപാദനം കുത്തനെ ഇടിഞ്ഞു. തലേവർഷം ഇതേ സമയത്തെ നിരക്കുമായി താരതമ്യം ചെയ്താൽ 16 % ഇടിവ്. വ്യവസായ വളർച്ച സൂചിപ്പിക്കുന്ന ‘പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ്’ (പിഎംഐ) പ്രകാരം ഉൽപാദനനിരക്ക് ഡിസംബറിലെ 50.2 ശതമാനത്തിൽനിന്ന് 35.7 % ആയി താഴ്ന്നു. പിഎംഐ നിരക്ക് 50 ശതമാനത്തിൽ താഴെയാകുന്നതു മാന്ദ്യസൂചനയാണ്.
എന്നാൽ വീഴ്ച തങ്ങൾ മറികടന്നുവെന്നാണു ചൈന പറയുന്നത്. വ്യവസായ ഉപമന്ത്രി ഷിൻ ജിയോബിൻ കുറെ വിശദാംശങ്ങളും നൽകി: ഇടത്തരം, ചെറുകിട കമ്പനികളിലെ ഉൽപാദനനില കഴിഞ്ഞ ശനിയാഴ്ചയോടെ 76 % എത്തി. ടെക്സ്റ്റൈൽ, ഓട്ടോ, മെഷിനറി മേഖലകളിൽ ഹാജർനില 70– 90 % ആയി. 20 ലക്ഷം ഡോളറിലേറെ വരുമാനമുള്ള വ്യവസായ സ്ഥാപനങ്ങളിലെ 90% ജീവനക്കാരും തിരിച്ചെത്തി.
വൈറ്റമിനുകളും ആന്റിബയോട്ടിക്കുകളും മറ്റും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രവർത്തനവും സാധാരണനിലയിൽ. കണക്കുകൾ കുറച്ചെല്ലാം പർവതീകരിച്ചതാകാം. കാരണം വിദേശത്തു നിന്നുള്ള രണ്ടാം ഘട്ട വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങൾ വ്യവസായ മേഖലയുടെ സുഗമ പ്രവർത്തനം അനുവദിക്കുന്നല്ല.
ജനുവരി 23 മുതൽ ലോക്ഡൗണിലായിരുന്ന കോവിഡ് പ്രഭവകേന്ദ്രം വുഹാൻ ഇപ്പോൾ സാധാരണ നിലയിലാണ്. പുതിയ രോഗബാധ റിപ്പോർട്ട് ചെയ്യുന്നില്ല. 95% തൊഴിലാളികളും തിരിച്ചെത്തി. ഒപ്പം ആശങ്ക പരത്തി വിവിധ തരത്തിലുള്ള ഇറച്ചികൾ ലഭിക്കുന്ന ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാർക്കറ്റും’ തുറന്നിരിക്കുകയാണ്.
മനുഷരാശിക്ക് തന്നെ ഭീഷണിയായി മാറിയ വൈറസ് പിടിക്കപ്പെട്ടത് ഈ വെറ്റ്മാർക്കറ്റുകളിൽ നിന്നാണെന്നാണ് കണക്കാക്കപ്പെടുന്നത്. രോഗം ആദ്യം സ്ഥിരീകരിച്ച വ്യക്തി വുഹാനിലെ സീഫുഡ് മാർക്കറ്റിലെ കച്ചവടക്കാരിയായിരുന്നു. ഇവിടെ അനധികൃതമായി വവ്വാലിനേയും പാമ്പിനേയും പെരുച്ചാഴിയേയും മുതലയേയും മുള്ളൻപന്നിയേയും വരെ ലഭിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കൊറോണ മനുഷ്യരിലേക്ക് പടർന്നതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ലേങ്കിലും വവ്വാലുകളിൽ നിന്നോ പാമ്പുകളിൽ നിന്നോ ആവാമെന്ന നിമഗമനത്തിലാണ് ശാസ്ത്രലോകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല