1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2020

സ്വന്തം ലേഖകൻ: പട്ടി, പൂച്ച എന്നിവയുടെ മാംസവില്‍പ്പനയും ഉപഭോഗവും നിരോധിച്ച ചൈനയിലെ ആദ്യ നഗരമായി മാറുകയാണ് ഷെന്‍ചെന്‍. വന്യമൃഗങ്ങളുടെ നിരോധനത്തെക്കുറിച്ചുള്ള പുതിയ നിയമനിര്‍മ്മാണത്തിന്റെ ഭാഗമായാണ് നഗരത്തില്‍ പട്ടിയുടെയും പൂച്ചയുടെയും വില്‍പ്പനയും ഉപഭോഗവും നിരോധിച്ചത്.

പുതിയ നിയമം മെയ് ഒന്ന് മുതല്‍ നിലവില്‍ വരും. ഇതനുസരിച്ച് പാമ്പുകളും പല്ലികളും ഉള്‍പ്പെടെയുള്ള സംരക്ഷിത വന്യജീവികളുടെ പ്രജനനം, വില്‍പ്പന, ഉപഭോഗം എന്നിവ നിരോധിക്കും.

വളര്‍ത്തുമൃഗങ്ങളായ പട്ടികളും പൂച്ചകളും മറ്റെല്ലാ മൃഗങ്ങളേക്കാളും മനുഷ്യരുമായി വളരെ അടുത്തു നില്‍ക്കുന്നവയാണ്. പട്ടികളുടെയും പൂച്ചകളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും ഉപയോഗം നിരോധിക്കുന്നത് വികസിത രാജ്യങ്ങള്‍ പതിവാണെന്നും ഇത്തരത്തിലുള്ള നിരോധനം അനിവാര്യമായിരിക്കുകയാണെന്നും നിയമത്തില്‍ പറയുന്നു.

ചൈനീസ് നഗരമായ വുഹാനിലെ വന്യജീവി മാര്‍ക്കറ്റാണ് കൊറോണ വൈറസ് വ്യപനത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. ഈ മാര്‍ക്കറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയവരിലാണ് 2019 ഡിസംബറില്‍ വൈറസ് ബാധിച്ച ലോകത്തെ ആദ്യ രോഗി ഉണ്ടായതെന്നാണ്‌ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ചൈന ഇത്തരം ഒരു നിരോധനത്തിലേക്ക് കടക്കുന്നത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഫെബ്രുവരിയില്‍ ചൈനീസ് സര്‍ക്കാര്‍ വന്യമൃഗങ്ങളുടെ വില്‍പ്പനയും ഉപഭോഗത്തിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചൈന സാധാരണ നിലയിലേക്ക് തിരിച്ചുവന്നതോടെ കുപ്രസിദ്ധമായ വുഹാന്‍ വന്യജീവി മാര്‍ക്കറ്റ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.