സ്വന്തം ലേഖകൻ: കൊവിഡ് ലോക്ക് ഡൗണിനിടെ നാട്ടിലേക്ക് തിരിച്ച് എത്താനാകാതെ ആയിരക്കണക്കിന് പ്രവാസികളാണ് ഗള്‍ഫ് നാടുകളിലടക്കം കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് തിരികെ എത്താനാകും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.
അതിനിടെ വലിയ നോവായി മാറുകയാണ് മരണങ്ങള്. കൊവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ക്ക് നാട്ടിലേക്ക് അയക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് കൂടെ പോകാന്‍ അനുമതിയില്ല. ദുബായില്‍ പത്താം ക്ലാസുകാരന് ജുവല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചത് നോവായി മാറുന്നു. ജുവലിന്റെ ചലനമറ്റ ശരീരം ചരക്ക് വിമാനത്തില്‍ നാട്ടിലേക്ക് കയറ്റി അയച്ചു, അതും തനിച്ച്!
ഷാര്‍ജ ജെംസ് മില്ലേനിയം സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ജുവല്‍ ജോര്‍ജ്. പത്തനംതിട്ട മല്ലശേരി സ്വദേശിയായ ചാമക്കാല വിളയില്‍ ജോമെയ് ജോര്‍ജിന്റെയും ജന്‍സില്‍ ജോര്‍ജിന്റെയും മകന്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ജോമെയ്. കാലിന് ബാധിച്ച അര്‍ബുദമാണ് പതിനാറുകാരന് ജുവലിന്റെ ജീവനെടുത്തത്.
നേരത്തെ കാന്‍സറിന് വെല്ലൂരില്‍ ജുവലിനെ ചികിത്സിച്ചിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന ജുവല്‍ വീല്‍ ചെയറില്‍ ആയിരുന്നു സ്കൂളില്‍ പോയിക്കൊണ്ടിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ദുബായ് അമേരിക്കന്‍ ആശുപത്രിയില്‍ ആയിരുന്നു ചികിത്സ. എന്നാല്‍ ജുവലിനെ ചികിത്സ കൊണ്ട് രക്ഷപ്പെടുത്താനായില്ല.
കാന്‍സര്‍ ജീവനെടുത്ത ജുവലിനെ മരണ ശേഷം നാട്ടിലേക്ക് ഒറ്റയ്ക്ക് കയറ്റി അയക്കുക എന്ന തീരാവേദനയാണ് ഈ കൊവിഡ് കാലം ജന്‍സിനും ജോമെയ്ക്കും നല്‍കിയിരിക്കുന്നത്. ഒറ്റയ്ക്ക് പുറത്ത് പോലും അയച്ചിട്ടില്ലാത്ത പൊന്നുമകന് എങ്ങനെ ഒറ്റയ്ക്ക് പോകുമെന്ന് നെഞ്ച് പൊട്ടുന്ന വേദനയില്‍ ജുവലിന്റെ അച്ഛന് ചോദിക്കുമ്പോള്‍ പ്രവാസലോകം ഒന്നാകെ കണ്ണീര് വാര്‍ക്കുകയാണ്.
ചരക്ക് വിമാനത്തിലാണ് ജുവലിന്റെ ചലനമറ്റ ശരീരം നാട്ടിലേക്ക് അയച്ചത്. മണ്ണില്‍ ചേരും മുന്‍പ് അവസാനമായി അവനെ ഒരു നോക്ക് കാണാന്‍ പോലും ആ അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്ക്കുമാകില്ല. ജുവലിന്റെത് ഒറ്റപ്പെട്ട അനുഭവം അല്ല. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ ജെപി ആന്റണി കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് മരണപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് കാരണം.
ആന്റണിയുടെ മൃതദേഹവും നാട്ടിലെത്തിയത് തനിച്ചാണ്. ഭാര്യയും മക്കളും അടക്കം ആര്‍ക്കും മൃതദേഹത്തെ അനുഗമിക്കാനായില്ല. ഏപ്രില്‍ പതിനാലിനാണ് ആന്റണിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയത്. യാത്രാ വിമാനങ്ങള്‍ നിലച്ച സാഹചര്യത്തില്‍ ചരക്ക് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല