
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ഇതുവരെ 18,601 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1336 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് 14,700 കൊവിഡ് കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 47 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 590 ആയി ഉയര്‍ന്നു.
രാജ്യത്ത് 3252 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 24 മുതല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും മേയ് മൂന്ന് വരെ നീട്ടിയതും ഫലപ്രദമായെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയിലെ 18 സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളമാണ് ഇക്കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. കേരളത്തില്‍ 72 ദിവസം കൂടുമ്പോഴാണ് രോഗം ഇരട്ടിക്കുന്നത്. ഒഡീഷയില്‍ ഇത് 39.8 ദിവസമാണ്.
കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്തെ 59 ജില്ലകളില്‍ പുതിയ കേസുകളില്ല. മാഹി (പുതുച്ചേരി), കുടക് ( കര്‍ണാടക), പൗരി ഗര്‍വാള്‍ (ഉത്തര്‍പ്രദേശ്) എന്നീ ജില്ലകളില്‍ 28 ദിവസത്തിനിടയില്‍ പുതിയ കേസുകളില്ലെന്നും അഗര്‍വാള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല