1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. രോഗമുക്തരായതും 13 പേരാണ്. കോട്ടയത്ത് ആറ് പേരും, ഇടുക്കിയിൽ നാല് പേരും, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ ഒന്നുവീതം പേ‍ർക്കുമാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്ത് നിന്ന് എത്തിയ ആളാണ്. ഒരാൾക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് പരിശോധിച്ച് വരികയാണ്. ബാക്കിയെല്ലാവർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കണ്ണൂർ ആറ്, കോഴിക്കോട് നാല്, തിരുവനന്തപുരം, പാലക്കാട് മലപ്പുറം ജില്ലകളിൽ ഓരോ ആൾക്കും ഏറ്റവുമൊടുവിലെ ടെസ്റ്റിൽ നെഗറ്റീവായി എന്നത് ആശ്വാസകരം. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 481 പേർക്ക് രോഗം സ്ഥിരീകരിച്ചു. 123 പേർ ചികിത്സയിലാണ്. 20,301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19,812 പേർ വീടുകളിലാണ്. 489 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 104 പേർ ആശുപത്രിയിലായി. 23,271 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 22,537 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി.

ആരോഗ്യപ്രവർത്തകർ, അഥിതി തൊഴിലാളികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ പരിശോധിച്ചു. 611 സാമ്പിളുകൾ ഇതിൽ നെഗറ്റീവായി. കൊവിഡ് പരിശോധന വ്യാപകമാക്കും. 3056 സാമ്പിളുകൾ പരിശോധിച്ചു.

ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും കേസുകളും കൂടുന്ന സാഹചര്യത്തിൽ ഈ രണ്ട് ജില്ലകളും റെഡ് സോണായി പ്രഖ്യാപിക്കുകയാണ്. മറ്റ് നാല് ജില്ലകൾ റെഡ് സോണായി തുടരും. ഇതോടെ സംസ്ഥാനത്ത് റെഡ് സോണിലുള്ള ജില്ലകളുടെ എണ്ണം ആറായി.

അതേസമയം, കേരളത്തിലെ നാല് ജില്ലകളിൽ നിലവിൽ കൊവിഡ് ബാധിച്ച് ആരും ചികിത്സയിലില്ല എന്നത് ആശ്വാസകരമാണ്. കൊവിഡ് ബാധിച്ച് തിരുവനന്തപുരം,. ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ നിലവിൽ ആരും ചികിത്സയിലില്ല.

ഇന്ന് മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാകുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം ഇന്നലെതന്നെ അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ നിന്ന്…

കേന്ദ്രസർക്കാരിന്റെ മാനദണ്ഡം അനുസരിച്ച് ലോക്ക് ഡൗണിൽ ചില ഇളവ് വരുത്തി. ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ശ്രദ്ധാപൂർവം തീരുമാനിക്കണം എന്നും സംസ്ഥാനങ്ങളുടെ സവിശേഷത പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. മെയ് 15 വരെ ഭാഗിക ലോക്ക് ഡൗൺ തുടരണം എന്നാണ് കേരളത്തിന്‍റെ ആവശ്യം.

തൊട്ടുമുൻപത്തെ ആഴ്ചയിൽ കൊവിഡ് 19 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടം, പൊതുഗതാഗതം നിയന്ത്രിച്ചും ശാരീരിക അകലം പാലിച്ചു ലോക്ക് ഡൗൺ തുടരാം എന്ന് നിർദ്ദേശിച്ചു. അന്തർ ജില്ലാ- അന്തർ സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണം.

പിപിഇ കിറ്റുകളുടെ ആവശ്യം വർധിച്ചു. പരിശോധിക്കേണ്ടവരുടെ എണ്ണം വർധിക്കുന്നു. അതിനാൽ പിപിഇ കിറ്റിന്റെ സമാഹരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണം. പ്രവാസികളിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് തിരികെ വരണം. സ്വന്തമായി വിമാന യാത്രാക്കൂലി വഹിക്കാൻ ബുദ്ധിമുട്ടുള്ളവരുടേത് കേന്ദ്രം വഹിക്കണമെന്ന് അഭ്യർത്ഥിച്ചു.

തൊഴിൽ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക പിന്തുണ വേണം. കേന്ദ്രം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താവുന്ന സ്കീമുകൾ രൂപീകരിക്കണം.

വിദേശത്തേക്ക് ഹ്രസ്വകാല സന്ദർശനത്തിന് പോയവരെ തിരികെ കൊണ്ടുവരാൻ പ്രഥമ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നാല് ലക്ഷം അതിഥി തൊഴിലാളികളുണ്ട്. ഇവരെ ഘട്ടംഘട്ടമായി തിരികെ അവരുടെ നാട്ടിലെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവർത്തകരുടെ കാര്യത്തിൽ അടിയന്തിര ശ്രദ്ധ പതിപ്പിക്കണം, ക്വാറന്റൈൻ ഉറപ്പാക്കണം – മുഖ്യമന്ത്രി പറഞ്ഞു. നഴ്സുമാരുടെ പ്രശ്നങ്ങൾ സംസ്ഥാന മുഖ്യമന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തി. പ്രധാനമന്ത്രിയുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിനെ തുടർന്നുള്ള സാമ്പത്തിക പ്രത്യാഘാതം പരിഹരിക്കണം. ലഭ്യമായ വിവരങ്ങളനുസരിച്ച് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ കേരളത്തിന്റെ മൊത്തം മൂല്യ വർധനയിൽ 80000 കോടിയുടെ നഷ്ടം ഉണ്ടാകും. സ്ഥിതിഗതി മെച്ചപ്പെട്ടില്ലെങ്കിൽ നഷ്ടം വർധിക്കും. സ്വയം തൊഴിൽ കാഷ്വൽ തൊഴിലാളികൾക്ക് 14000 കോടി വേതന നഷ്ടമുണ്ടായിട്ടുണ്ട്.

മത്സ്യബന്ധന മേഖലയിലും വിവര സാങ്കേതിക മേഖലയിലും ഗണ്യമായ തൊഴിൽ നഷ്ടം ഉണ്ടായി. ചെറുകിട വ്യാപാരികളെ ലോക്ക് ഡൗൺ പ്രതികൂലമായി ബാധിച്ചു. വരുമാനം നിലച്ചത് ഇവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ചെറുകിട വ്യാപാരികളിൽ വലിയൊരു വിഭാഗവും സ്വയംതൊഴിൽ വരുമാനമാർഗമായി സ്വീകരിച്ചവരാണ്. അതിനാൽ ചെറുകിട വ്യാപാരികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. അതിനായി കേന്ദ്രം പാക്കേജ് പ്രഖ്യാപിക്കണം.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ദേശീയ തലത്തിൽ വരുമാന സഹായ പദ്ധതി വേണം. ലോക്ക് ഡൗൺ ബാധിച്ച ചെറുകിട വ്യാപാരികൾക്ക് രണ്ട് മുതൽ അഞ്ച് ലക്ഷം വരെ വായ്പ അനുവദിക്കണം. ഇതിന്റെ പലിശ കേന്ദ്രം വഹിക്കണം. വ്യവസായ മേഖലയിലെ തൊഴിൽ നിലനിർത്താൻ സബ്‍സിഡി അനുവദിക്കണം.

ലോക്ക് ഡൗൺ മൂലം ചെറുകിട വ്യവസായ മേഖലയ്ക്ക് വലിയ നഷ്ടം ഉണ്ടായി. ഇത് നികത്താൻ കൂടുതൽ പണമിടപാട് നടക്കണം. നിലവിലെ ലോണുകൾക്ക് 50 ശതമാനം പലിശ ഇളവ് നൽകണം. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഇഎസ്ഐ വേതനം നൽകണം. ഇപിഎഫിലേക്ക് വിഹിതം കൊടുക്കേണ്ട പരിധി 25000 ആയി ഉയർത്തണം.

കൊവിഡ് ഭീഷണി നേരിടാൻ സാങ്കേതിക വിദ്യ വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങൾക്ക് സാങ്കേതിക വിദ്യ അനിവാര്യമാണ്. കേന്ദ്ര സർക്കാറിന്റെ ആരോഗ്യസേതു ആപ്പ് പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈ ആപ്ലിക്കേഷനിൽ ഇതുവരെ കേരളത്തിന്റെ വിവരങ്ങളൊന്നും പങ്കിട്ടിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികളുടേതാണ് ഏറ്റവും ഗുരുതരമായ പ്രശ്നം. അവർ സുരക്ഷിതമായി ഇരിക്കണം. ഇവരെ തിരികെ കൊണ്ടുവരാൻ നിരന്തരണം ശ്രമിക്കുന്നുണ്ട്. അതിന് ഫലമുണ്ടാകുമെന്ന് കരുതുന്നു. അതുമായി ബന്ധപ്പെട്ട് പ്രവാസ ലോകത്തെ പ്രമുഖ മലയാളികളുമായി ആശയവിനിമയം നടത്തി. കേന്ദ്രസർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് – മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

പല സംസ്ഥാനങ്ങളിലും നിരവധി മലയാളികൾ കുടുങ്ങിയിട്ടുണ്ട്. പലരും വിഷമകരമായ അവസ്ഥയിലാണ്. ഭക്ഷണം കൃത്യമായി കിട്ടുന്നില്ല. നേരത്തെ താമസിച്ച ഹോട്ടലുകളിൽ നിന്ന് ഇറങ്ങി വന്നവരുണ്ട്. അത്തരക്കാരെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരും. ഇതിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കും.

ഇതര സംസ്ഥാനത്ത് ചികിത്സയ്ക്ക് പോയവർ, ചികിത്സ കഴിഞ്ഞവർ, സംസ്ഥാനത്ത് വിദഗ്ദ്ധ ചികിത്സയ്ക്ക് തീയതി നിശ്ചയിച്ച മറ്റ് സംസ്ഥാനങ്ങളിലുള്ളവർ, പഠനാവശ്യത്തിന് മറ്റ് സംസ്ഥാനത്ത് പോയി പഠനം പൂർത്തീകരിച്ചവർ, പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്കായി പോയവർ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം എന്നിവയ്ക്കായി പോയവർ, വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ട, റിട്ടയർ ചെയ്തവർ, കൃഷിപ്പണിക്കായി അയൽ സംസ്ഥാനത്ത് പോയവർ (പ്രത്യേകിച്ച് കർണ്ണാടകയിലെ കുടകിലുള്ളവർ) – ഇവർക്കെല്ലാം പ്രത്യേക പരിഗണന നൽകും.

ആദിവാസികളടക്കം വളരെ പാവപ്പെട്ടവരാണ് ഇങ്ങിനെ പോയത്. ഭക്ഷണം പോലും കിട്ടാതെ ബുദ്ധിമുട്ടി. ഇവരെ ഘട്ടംഘട്ടമായി കൊണ്ടുവരും. കഴിയാവുന്നവരെല്ലാം നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇവരെ അതിർത്തിയിൽ ആരോഗ്യവിഭാഗം പരിശോധിക്കും. എല്ലാവർക്കും ക്വാറന്റൈൻ നിർബന്ധം. എല്ലാ മുൻകരുതലും ഇവരുടെ കാര്യത്തിലും ബാധകമാക്കും.

ഈ മാസം 21-ാം തീയതി മുതൽ കേരളത്തിലെ കേസുകളുടെ എണ്ണം കൂടി വരുന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്. അതിർത്തി കടന്ന് വരുന്നവരെ കർശനമായ പരിശോധനകൾക്ക് വിധേയരാക്കാനാണ് തീരുമാനം.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ധാരാളം വഴികളുണ്ട്. ഏത് വഴികളിലൂടെ കൊണ്ടുവരണമെന്ന് ക്രമീകരണം ഉണ്ടാക്കും. എല്ലാവരും പൂർണ്ണമായി സഹകരിക്കണം.

വിദേശത്ത് നിന്ന് തിരികെ വരുന്നവർക്കായി സർക്കാർ ഒരുക്കേണ്ട സംവിധാനങ്ങളെ കുറിച്ച് ഇന്നലെ ജില്ലാ കളക്ടർമാരും എസ്പിമാരും ഡിഎംഒമാരുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റ് എടുക്കണം. ഇവിടെ പരിശോധന്ക്കും ക്വാറന്റൈനും സൗകര്യം ഒരുക്കും. നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികൾ നോർക റൂട്സ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു. രണ്ട് ലക്ഷത്തി രണ്ടായിരം പേർ ഇതുവരെ നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

പ്രവാസികളെ പുനരധിവസിപ്പിക്കാൻ പ്രത്യേക ഫണ്ട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തിരികെ വരുന്നവരുടെ മക്കൾക്ക് കേരളത്തിലെ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കും. നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ പേരെയും പരിശോധിക്കുമെന്നും മുഖ്യമന്ത്രി.

ലോക്ക്ഡൗൺ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേർത്തിരുന്നു. രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമില്ല എന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിൽ പങ്കെടുത്തത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിന് മുന്നോടിയായി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ വിളിക്കുകയും ചെയ്തു. ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ യോഗത്തിൽ നിലപാടെടുത്തത്. ഇതേ നിലപാട് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായോട് ആവർത്തിക്കുകയും ചെയ്തു.

കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ മൂലം വിവാഹങ്ങൾ മാറ്റിവച്ച ആരോഗ്യപ്രവർത്തകരെ കുറിച്ചും, ലളിതമായി വിവാഹം നടത്തിയവരെ കുറിച്ചും, വിവാഹ ചിലവ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരെ കുറിച്ചും വാർത്തകളുണ്ട്. 889-ാം ബസവേശ്വര ജയന്തി ആഘോഷം വേണ്ടെന്ന് വയ്ക്കാനും ഒരു മാസം രക്തദാന മാസമായി മാറ്റാനും ഓൾ ഇന്ത്യാ വീരശൈവ മഹാസഭ തീരുമാനിച്ചു. കമ്യൂണിറ്റി കിച്ചണുകളിലേക്ക് സാധനങ്ങളും ഇവർ നൽകി.

കെഎസ്ടിഎ 24 ലക്ഷം വില വരുന്ന നാലായിരം പിപിഇ കിറ്റുകൾ കൈമാറി. ആറ് ദിവസം ശമ്പളം മാറ്റിവയ്ക്കാൻ ഉള്ള ഉത്തരവിനെതിരെ, ഉത്തരവ് കത്തിക്കാൻ ആഹ്വാനം ചെയ്ത അധ്യാപക സംഘടനയുടെ സെക്രട്ടറി ജോലി ചെയ്യുന്ന പോത്തൻകോട്ട് സ്കൂളിലെ കുട്ടികൾ സക്കാത്തായും വിഷുക്കൈനീട്ടവുമായി ലഭിച്ച പതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ധർമ്മടം സർവീസ് സഹകരണബാങ്ക് 25 ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ നൽകി. കേരളത്തിലെ ലോക്കോ പൈലറ്റുമാർ 38 ലക്ഷം നൽകി. കേരള സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്സൺ ഡോ ഖദീജ മുംതാസ് അവരുടെ അവശേഷിക്കുന്ന എല്ലാ ഓണറേറിയവും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

മെൽബണിൽ നഴ്സായും അധ്യാപികയായും സേവനം അനുഷ്ഠിക്കുന്ന അജിത കുമാരി ഒരു ലക്ഷം രൂപ നൽകി. എജീസ് ഓഫീസിലെ സഹകരണ സംഘം പത്ത് ലക്ഷം, ദുബൈ കൊച്ചിൻ എംപയർ ലയൺസ് ക്ലബ് ആറ് ലക്ഷം, ഡോ രാജൻ ഗുരുക്കൾ ഒരു ലക്ഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ രണ്ട് ലക്ഷം രൂപ, നടൻ മണികണ്ഠൻ ആചാരി വിവാഹ ചിലവിനായി മാറ്റിവച്ച 50000 രൂപ, കോഴിക്കോട്ടെ റിട്ട അധ്യാപകൻ അഞ്ച് മാസത്തെ പെൻഷൻ തുകയായ 57000 രൂപ എന്നിങ്ങനെ നൽകി. എറണാകുളം ഉദയംപേരൂർ സ്വദേശി നാരായണദാസ് 12500 നാളികേരം നൽകി. ഗവേഷണ സ്ഥാപനം ഐആർടിസി മുണ്ടൂർ അഞ്ച് ലക്ഷം, തിരുവനന്തപുരത്ത് തെങ്ങ് കയറി ഉപജീവനം നടത്തുന്ന ഛത്തീസ്ഗഡ് സ്വദേശികൾ 50000 രൂപ നൽകി.

റംസാനുമായി ബന്ധപ്പെട്ട് നിരവധിപ്പേർ സഹായം നൽകി. ആ പട്ടിക വിപുലമായതിനാൽ പറയുന്നില്ല. വിശദമായ പട്ടിക മാധ്യമപ്രവർത്തകർക്ക് അച്ചടിച്ച് നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.