
സ്വന്തം ലേഖകൻ: ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികൾക്ക് തിരിച്ചുവരാൻ അവസരം. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായി മടക്കയാത്രാ രജിസ്ട്രേഷൻ ഇന്ന് (29-04-2020) വൈകീട്ട് നോർക്ക ആരംഭിക്കും. www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വെബ്സൈറ്റിൽ ഇടതു വശത്ത് വിദേശ മലയാളികൾക്കും വലതു വശത്ത് ഇതര സംസ്ഥാനത്തുള്ളവർക്കും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമുണ്ട്. പേര്, ജനന തീയതി, ആധാർ അല്ലെങ്കിൽ അംഗീകൃത തിരിച്ചറിയൽ രേഖ, ഇപ്പോൾ ഉള്ള സ്ഥലത്തിന്റേയും കേരളത്തിൽ എത്തിച്ചേരേണ്ട സ്ഥലത്തിന്റേയും വിശദാംശങ്ങൾ, മടങ്ങി വരുന്നതിനുള്ള കാരണം, വരാൻ ഉദ്ദേശിക്കുന്ന തീയതി, യാത്രക്കായി വാഹനം ഉപയോഗിക്കുന്നവർ വാഹന നമ്പർ എന്നീ വിവരങ്ങൾ രജിസ്ട്രേഷനോടുനുബന്ധിച്ച് നൽകണം.
ഇന്നു വെെകീട്ട് മുതലാണ് റജിസ്ട്രേഷൻ ആരംഭിക്കുക. പേര് റജിസ്റ്റർ ചെയ്യുന്നതിലൂടെ അവർ നാട്ടിലെത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് മനസിലാക്കാൻ സർക്കാരിന് സാധിക്കും. എത്ര പേർക്ക് ക്വാറന്റെെൻ സൗകര്യം ഒരുക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നോർക്ക റജിസ്ട്രേഷനിലൂടെ വ്യക്തത ലഭിക്കും. ചികിത്സ, ജോലി, പഠനം, കൃഷി ആവശ്യങ്ങൾ എന്നിവയ്ക്കായി കേരളത്തിനു പുറത്തുപോയവർക്കാണ് മുൻഗണന.
അതേസമയം, പ്രവാസികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ തുടരുകയാണ്. മൂന്ന് ലക്ഷത്തിലേറെ പ്രവാസികൾ ഇതുവരെ നോർക്കയിൽ റജിസ്റ്റർ ചെയ്തു. എന്നാൽ, നോർക്കയിൽ റജിസ്റ്റർ ചെയ്ത എല്ലാവരേയും തിരിച്ചുകൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞത്. എല്ലാവരും ഇങ്ങോട്ട് വരണമെന്നില്ല. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് മുൻഗണന. വരുന്നവരെ സ്വീകരിക്കാനും ക്വാറന്റെെനിൽ പാർപ്പിക്കാനും ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല