
സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ കാരണം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതിനിടെ കേരളത്തില്‍ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്കന്‍ പൗരന്‍. ഇപ്പോള്‍ നാട്ടിലേക്ക് പോകേണ്ടെന്നും കേരളത്തില്‍ സുരക്ഷിതനാണെന്നും ചൂണ്ടിക്കാട്ടി 74 കാരനായ അമേരിക്കന്‍ പൗരന്‍ വിസ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സംവിധായകനും നാടകകൃത്തുമായ ടെറി ജോണ്‍ കോണ്‍വേര്‍സ് ആണ് വിസ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
“അമേരിക്കയിലേതിനെക്കാള്‍ ഇന്ത്യയില്‍ ഞാന്‍ സുരക്ഷിതനാണ്. ആറുമാസത്തേക്ക് കൂടി വിസകാലാവധി ലഭിക്കണമെന്നാണ് ആഗ്രഹം. അമേരിക്കയില്‍ നിലവിലെ സ്ഥിതി ആശാവഹമല്ല. വിസ നീട്ടി നല്‍കിയാന്‍ ഇന്ത്യയില്‍ തുടരാമല്ലോ. അമേരിക്കയെ അപേക്ഷിച്ച് വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഏറെ മെച്ചപ്പെട്ടരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
വാഷിങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ തിയറ്റര്‍ വിഭാഗം പ്രൊഫസറാണ് ടെറി ജോണ്‍ കോണ്‍വേര്‍സ്. നിലവില്‍ കൊച്ചി പനമ്പിള്ളി നഗറിലാണ് താമസം. നേരത്തെ അദ്ദേഹം തന്റെ വിസ മെയ് 20വരെ നീട്ടിയിരുന്നു. ആ സമയമാകുമ്പോള്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്.
എന്നാല്‍ വൈറസ് ബാധയ്ക്ക് ശമനം ഇല്ലെന്ന് കണ്ടതോടെ വിസ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക കെ.പി ശാന്തി മുഖാന്തരം കോടതിയെ സമീപിക്കുകയായിരുന്നു.
2012ല്‍ ഇന്ത്യയില്‍ എത്തിയ ടെറി ജോണ്‍ കേരളത്തിലെ അടക്കം പരമ്പരാഗത നാടക പ്രസ്ഥാനങ്ങളെ പറ്റി പഠിച്ചു. ഇപ്പോള്‍ ആറുമാസത്തെ സന്ദര്‍ശക വിസയിലാണ് എത്തിയത്. കൊച്ചിയില്‍ ഫീനിക്‌സ് വേള്‍ഡ് തിയറ്റര്‍ ഗ്രൂപ്പ് നടത്തുന്ന ചാരു നാരായണകുമാറിന്റെ കുടുംബത്തിനൊപ്പമാണ് ഇപ്പോള്‍ താമസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല