
സ്വന്തം ലേഖകൻ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഋഷി കപൂറിനെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പ്രവേശിപ്പിച്ചിരുന്നു.
ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് അണുബാധ ഉണ്ടെന്നാണ് അന്ന് കപൂര്‍ പറഞ്ഞത്. മുംബൈയില്‍ തിരിച്ചെത്തിയ ശേഷം വൈറല്‍ പനി ബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമസിയാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.
വ്യാഴാഴ്ച രാവിലെ 8.45 നാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായതെന്ന് കുടുംബം വാർത്താക്കുറിപ്പിൽ അറിയിച്ചു. നീതു കപൂറാണ് ഭാര്യ. ബോളിവുഡ് താരം രൺബീർ കപൂർ, റിദ്ദിമ കപൂർ എന്നിവരാണ് മക്കൾ.
കണ്ണീരോടെയല്ല പുഞ്ചിരിയോടെയാകണം അദ്ദേഹത്തെ ഓർക്കേണ്ടതെന്ന് കുടുംബം വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബത്തിലെ അംഗത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ ചലച്ചിത്രലോകവും അദ്ദേഹത്തിന്റെ ആരാധകരും വേദന നിറഞ്ഞ കുറിപ്പുകളോടെയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ലോക്‌ഡൗൺ നിയമങ്ങൾ പാലിച്ചു മാത്രമാകണം അദ്ദേഹത്തിന് വിടനൽകേണ്ടതെന്നും കുടുംബം വാർത്താക്കുറിപ്പിൽ അറിയിച്ചു.
നടനും സംവിധായകനും നിർമാതാവുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂർ, പിതാവ് സംവിധാനം ചെയ്ത ‘ശ്രീ 420’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘പ്യാർ ഹുവാ ഇക്റാർ ഹുവാ…’ എന്ന ഗാനത്തിൽ മുഖം കാട്ടിയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറിയത്. പിതാവ് രാജ് കപൂർ സംവിധാനം ചെയ്ത ‘മേരാ നാം ജോക്കർ’ എന്നീ ചിത്രത്തിൽ നായകനായ പിതാവിന്റെ തന്നെ കുട്ടിക്കാലം അവതരിപ്പിച്ചായിരുന്നു പിന്നീടുള്ള വരവ്.
1973 ൽ രാജ് കപൂറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ബോബി’ ബോളിവുഡിന് അതുവരെ കാണാത്ത ഒരു പ്രണയ നായകനെ സമ്മാനിച്ചു. ഡിംപിൾ കപാഡിയ നായികയായ ഈ ചിത്രത്തിലെ റൊമാന്റിക് രംഗങ്ങൾ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘ഹം തും എക് കമ്‌രേ മേം ബന്ദ് ഹോ’ എന്ന ഇതിലെ ഗാനം അക്കാലത്തെ ജനപ്രിയ ഹിറ്റായി.
ബോബി, റാഫൂ ചക്കർ, കർസ്, ഹം കിസീ സെ കം നഹി, അമർ അക്ബർ ആന്റണി, ലൈല മജ്നൂ, പ്രേം രോഗ്, ഹണിമൂൺ, ചാന്ദനി, സർഗം, ബോൽ രാധാ ബോൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ പ്രണയ തരംഗം തന്നെ സൃഷ്ടിക്കാൻ ഋഷി കപൂറിന് സാധിച്ചു.
ദീപിക പദുക്കോണിനൊപ്പം ഹോളിവുഡ് ചിത്രമായ ‘ദി ഇന്റേണ്‍’ ന്റെ റീമേക്കാണ് അദ്ദേഹത്തിന്റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചത്. വെബ് സീരിസുകളിലും സജീവമായ അദ്ദേഹം നെറ്റ്ഫ്ലിക്സിലെ ‘ദ് ബോഡി’ എന്ന വെബ് സീരീസിൽ ഇമ്രാൻ ഹഷ്മിക്കൊപ്പം നടത്തിയ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല