
സ്വന്തം ലേഖകൻ: വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്കു മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ റജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 3,53,468 പേര്‍ റജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ റജിസ്റ്റര്‍ ചെയ്തതത് യുഎഇയില്‍ നിന്നാണ്– 153660 പേര്‍.
സൗദി അറേബ്യയില്‍ നിന്ന് 47268 പേരും റജിസ്റ്റര്‍ ചെയ്തു. റജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. യുകെയില്‍നിന്ന് 2,112 പേരും അമേരിക്കയില്‍നിന്ന് 1895 പേരും യുക്രെയ്നില്‍നിന്ന് 1764 പേരും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പട്ടിക കേന്ദ്രസര്‍ക്കാരിനും എംബസികള്‍ക്കും കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരട് പദ്ധതി രൂപീകരിച്ചു. തിരികെ എത്തേണ്ടവരുടെ പട്ടിക വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളാണ് രൂപീകരിക്കുന്നത്. പട്ടിക തയ്യാറാക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങും. ഗള്‍ഫ് മേഖലയിലുള്ള സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികള്‍ക്കാകും തിരികെയെത്തിക്കേണ്ടവരില്‍ മുന്‍ഗണന നല്‍കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാവും പട്ടികയില്‍ രണ്ടാമത് പരിഗണന നല്‍കുക. ഇന്ത്യയിലേക്ക് എത്തുന്ന ഓരോ വ്യക്തിയെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാണ് ഇവരെ ക്വാറന്‍റൈനില്‍ വിടണോ നേരിട്ട് ആശുപത്രിയില്‍ എത്തിക്കണോ എന്ന് തീരുമാനിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ വ്യോമസേനയും നാവികസേനയും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. നാവികസേനയുടെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പലായ ഐഎന്‍എസ് ജലാംശയും ഈ ദൗത്യത്തിന്റെ ഭാഗമാകുമെന്ന് വിവിധ ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ദി വീക്ക്’ റിപ്പോര്‍ട്ട് ചെയ്തു.
സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളും ഐസൊലേഷനുള്ള ക്രമീകരണങ്ങളും കപ്പലുകളില്‍ ഒരുക്കും. നാവിക സേനയുടെ ഒരു കപ്പില്‍ ഒരു സമയം 500 ആളുകളെ മാത്രമെ കതിരികെ എത്തിക്കൂ. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാവും പ്രവാസികളെ മടക്കി കൊണ്ടുവരുന്നത്. വ്യോമസേനയുടെ ഗ്ലോബല്‍ മാസ്റ്റര്‍ വിമാനങ്ങളും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളും ഈ ദൗത്യത്തില്‍ പങ്കുചേരും.
പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി. മേയ് അഞ്ച് വരെ നോര്‍ക്ക വെബ്സൈറ്റ് വഴി പ്രവാസികള്‍ക്ക് അപേക്ഷ നല്‍കാം. 2020 ജനുവരി ഒന്നിനോ അതിന് ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുകയും ലോക്ക് ഡൗണ്‍ കാരണം തിരികെ പോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5000 രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നു മടങ്ങിവരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ഇന്നലെ ആരംഭിച്ച നോര്‍ക്ക റജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഇന്നുവരെ റജിസ്റ്റര്‍ ചെയ്തത് 94483 പേരാണ്. കര്‍ണാടക– 30576, തമിഴ്‌നാട് –29181, മഹാരാഷ്ട്ര –13113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ, ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ, തുടങ്ങി കൊവിഡ് ലക്ഷണങ്ങളില്ലാത്തവർത്ത് സ്വദേശത്തേക്ക് മടങ്ങാമെന്ന് കേന്ദ്ര ഉത്തരവ് പുറത്തിറക്കി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അഞ്ചാഴ്ച്ചയ്ക്ക് ശേഷമാണ് കേന്ദ്രം ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്.
കൊവിഡ് 19 ഇല്ലാത്ത അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാനുള്ള അനുമതി നൽകണമെന്ന ഹരജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തിൽ ഉത്തരവ് പുറത്തിറക്കിയത്.
കർക്കശമായ നിയന്ത്രണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് പലയിടങ്ങളിലായി കുടുങ്ങിപ്പോയവരുടെ യാത്രയ്ക്ക് അനുമതി നൽകുക. യാത്രയുടെ മേൽനോട്ടം വഹിക്കാൻ സംസ്ഥാന സർക്കാരുകൾ നോഡൽ ബോഡികളെ ചുമതലപ്പെടുത്തണം. വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവർക്ക് മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കൂ. സ്വദേശങ്ങളിൽ എത്തിച്ചേർന്നാൽ ഇവർ 14 ദിവസം ക്വാറന്റയിനിൽ കഴിയണം. ആശുപത്രികളിൽ ഐസൊലേഷൻ നിർദേശിക്കുന്നവർ അതും പിന്തുടരണമെന്നും ഉത്തരവിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല