
സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകളില്‍ മാത്രമൊതുങ്ങി ഇന്ന് തൃശ്ശൂര്‍പൂരം. രാവിലെ ഒന്‍പതുമണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്ക് ശേഷം പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടക്കും. പൊതുജനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍ നടത്തുക.
തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്തണമെന്നാവശ്യം കളക്ടര്‍ തള്ളിയിരുന്നു. ഒരു ആനപ്പുറത്ത് ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് ആയിരുന്നു ആവശ്യം ഉന്നയിച്ചത്.
നേരത്തെ എടുത്ത തീരുമാനത്തിന് വിരുദ്ധമാണെന്നും അനുമതി നല്കാന് കഴിയില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാറമേക്കാവ് വിഭാഗം ആവശ്യം ഉന്നയിച്ചത്.
കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തില്‍ ഇത്തവണ തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പൂരത്തിന്റെ കൊടിയേറ്റവും ചടങ്ങ് മാത്രമായാണ് നടത്തിയത്.
ലോക്ക് ഡൗണ്‍ നീട്ടിയതോടെ പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള തീരുമാനം.
58 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശ്ശൂര്‍ പൂരം ഇതാദ്യമായി റദ്ദാക്കപ്പെടുന്നത്. ഇതിനുമുമ്പ് 1962 ലെ ഇന്ത്യ, ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം മുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല