
സ്വന്തം ലേഖകൻ: ഗൾഫിലെ വമ്പൻ വ്യവസായായി വളർന്ന ഷെട്ടിയുടെ അവിശ്വസനീയമായ തകർച്ചയുടെ കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. 970 കളുടെ തുടക്കത്തിലാണ് ഷെട്ടി വെറും 500 രൂപയുമായി ഗൾഫ് മണ്ണിൽ കാലു കുത്തിയത്. പിന്നീട് ഫോബ്സിന്റെ 2018ലെ ശതകോടീശ്വര പട്ടികയിൽ 4.2 ബില്യൺ ഡോളർ വ്യക്തിഗത സമ്പത്ത് സൃഷ്ടിച്ച കോടീശ്വരനായി മാറി.
എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് കർണാകയിലെ ഉടുപ്പിക്കാരനായ ബി.ആർ ഷെട്ടി. എന്നാൽ ഇപ്പോൾ വിവിധ ബാങ്കുകള്‍ക്ക് ബി.ആര് ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന തുക 50,000 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.
ഗള്‍ഫിലെത്തിയ ആദ്യകാലത്ത് മെഡിക്കല്‍ റെപ്രസെന്റിറ്റീവായിട്ടായിരുന്നു തുടക്കം. തുടര്‍ന്നാണ് ന്യൂ മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ (എന്‍എംസി) എന്ന ക്ലിനിക്കിന് തുടക്കമിടുന്നത്. രണ്ടു മുറികളിലായി ക്ലിനിക്കും ഫാര്‍മസിയും തുറന്നു. ഭാര്യ ചന്ദ്രകുമാരി ഷെട്ടിയായിരുന്നു ആദ്യ ഡോക്ടര്‍. എന്നാൽ പിന്നീട് അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ആസ്ഥാപനത്തിന്റെ വളര്‍ച്ച. എട്ട് രാജ്യങ്ങളിലെ 12 നഗരങ്ങളിലായി 45 ശാഖകള്‍ എന്‍എംസിക്കുണ്ട്.
പ്രവാസികൾ നാട്ടിലേക്കു പണം അയയ്ക്കാനായി ആശ്രയമാക്കിയ യുഎഇ എക്സ്ചേഞ്ചും ഷെട്ടിയുടെ സ്ഥാപനമാണ്. 1980കളിലാണ് യുഎഇ എക്സ്ചേഞ്ച് എന്ന ധനകാര്യ സ്ഥാനം ജനപ്രിയമാകുന്നത്. കേരളത്തിലേയ്ക്ക് പണമെത്തിക്കാന്‍ ഗള്‍ഫിലെ മലയാളികളില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് യുഎഇ എക്സ്ചേഞ്ച് വഴിയാണ്. 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വമ്പന്‍ സ്ഥാപനമായി യുഎഇ എക്സ്ചേഞ്ച് വളര്‍ന്നു.
1981-ല്‍ എന്‍എംസി ട്രേഡിങ് കമ്പനി തുടങ്ങി. 2003-ല്‍ അബുദബിയില്‍ നിയോഫാര്‍മയെന്ന പേരില്‍ മരുന്നു നിര്‍മാണ സംരംഭം ആരംഭിച്ചു. 2007-ല്‍ ബെംഗളൂരു ആസ്ഥാനമായി ബയോകോൺ എന്ന കമ്പനി ആരംഭിച്ച കിരണ്‍ മജുംദാര്‍ ഷായുമായി ഒരു പങ്കാളിത്ത കമ്പനിക്കും ഷെട്ടി തുടക്കമിട്ടു. നിയോബയോകോണ്‍ എന്ന ഈ പങ്കാളിത്ത കമ്പനി അബുദബിയിലാണ് പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
2005-ല്‍ ഓര്‍ഡര്‍ ഓഫ് അബുദാബി അവാര്‍ഡ് നല്കി സര്‍ക്കാര്‍ ഷെട്ടിയെ ആദരിച്ചു. 2009-ല്‍ ഇന്ത്യ പത്മശ്രീ പുരസ്കാരം സമ്മാനിച്ചു. പിന്നീട് ഇന്ത്യയിലും നിരവധി സ്ഥാപനങ്ങള്‍ സ്വന്തമാക്കി. 2010-ല്‍ ബുര്‍ജ് ഖലീഫയില്‍ 100, 140 എന്നീ നിലകള്‍ ഷെട്ടി സ്വന്തമാക്കി. പാം ജുമൈറയിലും ദുബായിലെ വേള്‍ഡ് ട്രേഡ് സെന്ററിലും വസ്തുവകകളുണ്ട്. ഏഴ് റോള്‍സ് റോയ്സ്, ഒരു മേബാക്, ഒരു വിന്റേജ് മോറിസ് മൈനര്‍ തുടങ്ങിയവയാണ് ഷെട്ടിയുടെ വാഹന ശേഖരത്തിലുള്ളത്.
2019ലാണ് ഷെട്ടിയുടെ സമ്പാദ്യങ്ങൾക്ക് മേൽ ആദ്യത്തെ പ്രഹരം ഏൽക്കുന്നത്. മഡി വാട്ടേഴ്സ്-എന്ന അമേരിക്കന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം എംഎന്‍സിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടു. ഇതോടെ എംഎന്‍എസിയുടെ ഓഹരിവില മൂന്നിലൊന്നായി കൂപ്പുകുത്തി. കൂടാതെ എന്‍എംസിയുടെ ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്സിക്യുട്ടീവ് ചെയര്മാന് സ്ഥാനവും ഷെട്ടിക്ക് രാജിവെയ്ക്കേണ്ടിവന്നു.
അബുദബി കൊമേഴ്സൽ ബാങ്കിൽ 963 ദശലക്ഷം ഡോളർ, ദുബായ് ഇസ്ലാമിക് ബാങ്കിൽ 541 ദശലക്ഷം ഡോളർ, അബുദാബി ഇസ്ലാമിക് ബാങ്കിൽ 325 ദശലക്ഷം ഡോളർ, സ്റ്റാന്റേഡ് ചാർട്ടേഡിൽ 250 ദശലക്ഷം, ബാർക്ലേസിൽ 145 ദശലക്ഷം എന്നിങ്ങനെയാണ് എൻഎംസിയുടെ ബാധ്യതകൾ എന്നാണ് റിപ്പോർട്ടുകൾ.
തന്നെ ചതിച്ചത് എന്‍ എം സി ഹെല്‍ത്തിലെ ജീവനക്കാര്‍ തന്നെയാണെന്ന് ഷെട്ടി പറയുന്നു. എന്‍ എം സി ഹെല്‍ത്തില്‍ ഇപ്പോഴുള്ളതും മുമ്പുണ്ടായിരുന്നതുമായ ചെറിയൊരു സംഘം ജീവനക്കാരാണ് തട്ടിപ്പ് നടത്താന്‍ ബാങ്ക് അക്കൗണ്ടുകളുണ്ടാക്കിയതും ചെക്കുകള്‍ ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പേരില്‍ അക്കൗണ്ടുകളുണ്ടാക്കി താനറിയാതെ തട്ടിപ്പ് ഇടപാടുകള്‍ നടത്തിയതായും തന്റെ ഒപ്പ് വ്യാജമായി ഉപയോഗിച്ച് വായ്പകളും പേഴ്സണല്‍ ഗ്യാരന്റികളും എടുക്കുകയും ചെക്കുകളും ബാങ്ക് ഇടപാടുകളും നടത്തുകയും ചെയ്തുവെന്നും ഷെട്ടി ആരോപിക്കുന്നു.
അന്‍പതിനായിരം കോടി വായ്പത്തട്ടിപ്പ് നടത്തി ഷെട്ടി ഇന്ത്യയിലേക്ക് മുങ്ങി എന്നാണ് ആരോപണം ഉയരുന്നത്. ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് ഷെട്ടി വരുന്നത്. മൂത്ത സഹോദരന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് അദ്ദേഹം മംഗലാപുരത്ത് എത്തിയത്. അടുത്തിടെ ഈ സഹോദരന് മരണപ്പെട്ടു. ലോക്ക്ഡൗണ്‍ കാരണമാണ് തനിക്ക് തിരികെ പോകാന്‍ സാധിക്കാത്തത് എന്ന് ഷെട്ടി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല