
സ്വന്തം ലേഖകൻ: കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് വ്യോമസേനയും നാവിക സേനയും. തിരുവനന്തപുരം ജില്ലയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ രാപ്പകല്‍ അധ്വാനിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രി അധികര്‍ക്കും വ്യോമസേനയുടെ നേതൃത്വത്തിൽ ആദരമര്‍പ്പിച്ചു.
ആദരമർപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ക്കു മുകളില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. നാവിക സേനയുടെ ചേതക് ഹെലികോപ്റ്റർ എറണാകുളം ജില്ലാ ആശുപത്രിക്ക് മുകളിൽ ഇന്ന് പുഷ്പ വൃഷ്ടി നടത്തി. തിരുവനന്തപുരത്ത് വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്ററിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ് പുഷ്പവൃഷ്ടി നടത്തിയത്.
കേരളത്തിൽ ദക്ഷിണ നാവിക കമാൻഡ്, ദക്ഷിണ വ്യോമ സേന എന്നിവർക്കൊപ്പം തീര സംരക്ഷണ സേനയും ചടങ്ങിൽ പങ്കാളിയാണ്. വൈകുന്നേരമാണ് തീരസംരക്ഷണ സേനയുടെ ചടങ്ങുകൾ. ഇതിന്റെ ഭാഗമായി കേരളത്തിൽ വിഴിഞ്ഞം ബേപ്പൂർ തുറമുഖങ്ങളിൽ തീരസനാ കപ്പലുകൾ പ്രകാശം തെളിയിപ്പിക്കും.
ശ്രീനഗറിൽ നിന്ന് തിരുവനന്തപുരത്തേക്കും അസമിലെ ദിബ്രുഗട്ടിൽ നിന്ന് ഗുജറാത്തിലെ കച്ചിലേക്കും വ്യോമസേനയുടെ ആകാശപരേഡുകൾ നടന്നു. ഡല്‍ഹിയിൽ പശ്ചിമ വ്യോമകമാൻഡിന്റ് വിമാനങ്ങളിലാണ് പുഷ്പവൃഷ്ടി നടത്തിയത്. ഡല്‍ഹിയിൽ പോലിസ് മെമ്മോറിയലിലാണ് ആദ്യം പുഷ്പവൃഷ്ടി നടത്തിയത്.
എയിംസ് അടക്കമുള്ള കോവിഡ് ആശുപത്രികൾക്കു മുകളിലും സേനാ വിമാനം പറന്നെത്തുകയും പൂക്കൾ വർഷിക്കുകയും ചെയ്തു. മൂന്ന് സേനാ മേധാവികൾക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്താണ് സൈന്യം ആരോഗ്യപ്രവർത്തകരെ ആദരിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല