1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2020

സ്വന്തം ലേഖകൻ: പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരുന്ന വ്യവസായ സംരഭകര്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരാഴ്ചയ്ക്കകം ലൈസന്‍സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപാധികളോടെയായിരിക്കും ലൈസന്‍സ് നല്‍കുക. ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം നേടിയ അസാധാരണ നേട്ടം സംസ്ഥാനത്തെ സുരക്ഷിതമായ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. ഈ മഹാമാരിക്കിടയിലും കേരളമാണ് ഏറ്റവും സുരക്ഷിത നിക്ഷേപകേന്ദ്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു പക്ഷെ മറ്റേത് വികസിത രാഷ്ട്രത്തോടും കിട പിടിക്കുന്ന തരത്തിലുള്ളതാണ് നമ്മുടെ മനുഷ്യ വിഭവശേഷി എന്നത് തന്നെയാണ് കാര്യം.

ഇത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. കേരളത്തോട് നിക്ഷേപകര്‍ക്ക് വലിയ താല്‍പ്പര്യവുമുണ്ടായിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്ത് കൊണ്ടാണ് വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയൊരു സംഘം പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങുന്നത്. ഇവരുടെ വിഭവശേഷി നമുക്ക് വലിയ ഗുണമാവും. പല രീതിയില്‍ അനുഭവങ്ങളുള്ളവരാണ് പ്രവാസികള്‍. പല മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍, പല ഭാഷ അറിയാവുന്നവര്‍. പുതിയ വ്യവസായങ്ങള്‍ വരുന്നത് ഇവര്‍ക്ക് കൂടി ഗുണകരമാവുമെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഇവിടങ്ങളിലെ വിമാനത്താവളം, റെയില്‍വേ, റോഡ്, തുറമുഖം എന്നിവയെ ചേര്‍ത്ത് ബഹുതല ലോജിസ്റ്റിക് അടിസ്ഥാന സൗകര്യ വികസനമുണ്ടാക്കും. ഇത് വ്യവസായ മേഖലയില്‍ കേരളത്തെ പ്രധാന ശക്തിയാക്കും. കയറ്റുമതി, ഇറക്കുമതി സാധ്യതകളെ പ്രയോജനപ്പെടുത്തി ലോജിസ്റ്റിക് പാര്‍ക്ക് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.