
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികളെ എത്തിക്കുന്നതില്‍നിന്നു കണ്ണൂര്‍ വിമാനത്താവളത്തെ ഒഴുവാക്കിയ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസമായി 2250 പേരാണ് എത്തിച്ചേരുക.
കണ്ണൂര്‍ വിമാനത്താവളം വഴി വീട്ടിലേക്ക് മടങ്ങാന്‍ 69,179 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങിയാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ നാല് വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള സജ്ജീകരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയത്. എന്നാല്‍ അതില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ രജിസ്റ്റര്‍ചെയ്ത മലയാളികളില്‍ 69,179 പേര്‍ കണ്ണൂരില്‍ ഇറങ്ങണമെന്നാണ് താത്പര്യപ്പെട്ടിട്ടുള്ളത്. ലോക്ക്ഡൗണ്‍ കാലത്ത് മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങിയാല്‍ യാത്രക്കായുണ്ടാകുന്ന ബുദ്ധിമുട്ട് ഊഹിക്കാവുന്നതാണ്. ഈ കാര്യവും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വിശദമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല