
സ്വന്തം ലേഖകൻ: സാലറി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി. ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്ന് ഹൈക്കോടതി പറഞ്ഞു. സാലറി ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം വ്യക്തമാണെന്നും ശമ്പളം പിടിക്കുകയല്ല നീട്ടിവെക്കുകയാണ് ചെയ്യുന്നതെന്നും നിശ്ചിത സമയത്തിന് ശേഷം തുക തിരികെ നല്‍കുമെന്നും കോടതി പറഞ്ഞു.
ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. സംസ്ഥാനം നിലവില്‍ കടന്നുപോകുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത സാഹചര്യത്തിലൂടെയാണെന്നും കോടതി പറഞ്ഞു. ഓര്‍ഡിനന്‍സുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് പറഞ്ഞ കോടതി ഇതുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ഫയലില്‍ സ്വീകരിച്ചു.
ശമ്പളം പിടിക്കുന്നത് ഭരണഘടന അവകാശങ്ങളുടെ ലംഘനമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി ശമ്പളം പിടിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാര്‍ വാദിച്ചത്. ആരോഗ്യപ്രവര്‍ത്തകരെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്നും വേതനം എപ്പോള്‍ തിരികെ നല്‍കുമെന്ന് പറയുന്നില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഓര്‍ഡിനന്‍സ് നിയമ സാധുതയുള്ളതാണെന്നും അടിയന്തര സാഹചര്യത്തില്‍ ഇത്തരം ഓര്‍ഡിനന്‍സ് ഇറക്കാമെന്നും അഡ്വക്കറ്റ് ജനറല്‍ മറുപടി നല്‍കി. നിയമ നിര്‍മാണം ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനം അല്ല. ആരുടേയും മൗലിക അവകാശം ലംഘിക്കുന്നില്ല. ഇത്തരം കേസുകളില്‍ താത്ക്കാലിക ഉത്തരവ് നല്‍കരുതെന്ന് സുപ്രീം കോടതി വിധി ന്യായങ്ങളുണ്ടെന്നും എ.ജി പറഞ്ഞു.
സാലറി കട്ട് ഓര്‍ഡിനന്‍സിനെതിരെ എന്‍.ജി.ഒ അസോസിയേഷന്‍, എന്‍.ജി.ഒ സംഘ് തുടങ്ങിയ സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല