
സ്വന്തം ലേഖകൻ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന സര്‍വ്വീസുകള്‍ നാളെ ആരംഭിക്കാനിരിക്കെ വിപുലമായ ഒരുക്കങ്ങളുമായി എയര്‍ ഇന്ത്യ എകസ്പ്രസ്. ആദ്യ ഷെഡ്യൂളില്‍ 13 സര്‍വീസുകളാണ് പ്രവാസികളെയും കൊണ്ട് മടങ്ങിയെത്തുന്നത്. ഇതിനായി എട്ട് വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഓരോ യാത്രക്കാരനും രണ്ടു മാസ്‌കുകളും സാനിറ്റൈസറും ലഘു ഭക്ഷണ കിറ്റും നല്‍കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ ഉണ്ടാകുക. 60 പൈലറ്റുമാര്‍, 120 ക്യാബിന്‍ ക്രൂ, 500 ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാര്‍ എന്നിവരാണ് ഈ ദൗത്യത്തിന്‍റെ ഭാഗമാകുന്നത്. ആദ്യ ഷെഡ്യൂളില്‍ ഉള്ള ജീവനക്കാരുടെ കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയായി.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി വിമാനങ്ങള്‍ നാളെ ഉച്ചക്ക് 12 .30 ന് കേരളത്തില്‍ നിന്നും തിരിക്കും. പ്രവാസികളെ കയറ്റി ഉടന്‍ തന്നെ മടങ്ങും. പ്രവാസികളുമായി ഉച്ചയ്ക്ക് 2.10ന് ദുബായില്‍ നിന്ന് കോഴിക്കോടേക്കും അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും രണ്ട് വിമാനങ്ങളാണ് എത്തുന്നത്.
കൊച്ചിയിലും കോഴിക്കോടും വിമാനങ്ങള്‍ നാളെ രാത്രി 9.40 ന്എത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അറിയിപ്പ് ലഭിച്ച യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ വിമാനത്തിലും 170 ല്‍ താഴെ യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടാകുക.
രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകളുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വ്വീസുകളാണ് നടത്തുക. ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും മടക്കി എത്തിക്കും.
പ്രവാസികളെ കൊണ്ടുവരാനുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം. നാല് പൈലറ്റുമാരടക്കം പന്ത്രണ്ട് ജീവനക്കാര്‍ക്കാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കിയത്.
വിമാനത്തില്‍ കയറുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങളും ഉണ്ടായിരിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഒപ്പിട്ട കടലാസ് വിമാന ജീവനക്കാര്‍ക്ക് നല്‍കണം. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് കൈകള്‍ അണുവിമുക്തമാക്കണം. പിറകില്‍ നിന്ന് മുന്‍വശത്തേക്ക് എന്ന രീതിയില്‍ വേണം ഇരിക്കാന്‍. ചായയോ കാപ്പിയോ ലഭിക്കില്ല. പത്രങ്ങളും മാഗസിനുകളും അനുവദിക്കില്ല.
നെടുമ്പാശേരിയിലെത്തുന്ന പ്രവാസികളില്‍ രോഗ ലക്ഷണമില്ലാത്തവരെ രാജഗിരി കോളേജ് ഹോസ്റ്റലില്‍ ആണ് നിരീക്ഷിക്കുക. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. മറ്റു ജില്ലകളില്‍ നിന്നുള്ള പ്രവാസികളെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങൡലെത്തിക്കും. മറ്റു ജില്ലകളിലേക്ക് പ്രവാസികളെ കൊണ്ടുപോകുക കെ.എസ്.ആര്‍.ടി.സി ബസുകളിലാണ്. വിമാനത്താളവങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല