
സ്വന്തം ലേഖകൻ: വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രാസവാതകം ചോര്‍ന്ന് എട്ട് വയസ്സുകാരി ഉള്‍പ്പെട പതിനൊന്നുപേർ മരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയിലാണ് അധികൃതര്‍. 25 ഓളം പേർ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 ലധികം പേരാണ് ചികിത്സയിലിലുള്ളത്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷ വാതകം ചോര്‍ന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്.
പുറത്തിറങ്ങിറങ്ങുന്നവര്‍ വിഷവാതകം ശ്വസിച്ച് ബോധ രഹിതരായി വീണുകിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍.ആര്‍ വെങ്കിടപുരത്ത് പ്രവര്‍ത്തിക്കുന്ന പോളിമെര്‍ ഫാക്ടറിയിലാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ വാതക ചോര്‍ച്ച ഉണ്ടായത്. സ്റ്റെറീന്‍ വാതകമാണ് ഫാക്ടറിയല്‍ നിന്ന് ചോര്‍ന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട് ഫാക്ടറി ബുധനാഴ്ച്ചയാണ് തുറന്നത്.
വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ കേന്ദ്ര സർക്കാരിനും ആന്ധ്ര പ്രദേശ് സംസ്ഥാന സർക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടിസ് അയച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആന്ധ്രാ പ്രദേശ് ചീഫ് സെക്രട്ടറിയിൽ നിന്നു കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടി.
കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തോടും സംഭവത്തിൽ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തിൽ കേസെടുത്തതിനെക്കുറിച്ചും അന്വേഷണ പുരോഗതി സംബന്ധിച്ചും റിപോർട്ട് നൽകാൻ ആന്ധ്ര പ്രദേശ് പൊലീസ് മേധാവിയോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
വാതകച്ചോർച്ച കാരണം ഗുരുതരമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ വിശാഖപട്ടണത്തെ കിങ് ജോർജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടികളെയും പ്രായമായവരെയുമാണ് വാതകച്ചോർച്ച സാരമായി ബാധിച്ചത്. 800ഓളം പേർ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു.
ദേശീയ ദുരന്ത പ്രതിരോധ സേനയുടെ സംഘം വിശാഖ പട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. സേനയുടെ രാസ, ജൈവ, ആണവ അടിയന്തര സംഘമാണ് സംഭവസ്ഥലത്തേക്ക് യാത്ര തിരിച്ചത്. നേരത്തേ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി വീഡിയോ കോൺറഫറൻസ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു.
വാതകച്ചോർച്ചയുണ്ടായ സാഹചര്യത്തിൽ നഗരവാസികൾ പുറത്തിറങ്ങരുതെന്ന് വിശാല വിശാഖപട്ടണം നഗരസഭ മുന്നറിയിപ്പ് നൽകിയിരുന്നു. നനഞ്ഞ തുണികൊണ്ട് മാസ്ക് ധരിക്കണമെന്നും നഗരസഭ നിർദേശിച്ചു. വാതകച്ചോർച്ചയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
വാതകച്ചോർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായില്ല. അന്വേഷണത്തിലൂടെ മാത്രമേ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂവെനന് സംസ്ഥാന വ്യവസായ മന്ത്രി എം ഗൗതം റെഡ്ഡി പറഞ്ഞു. ഫാക്ടറിയിലെ രാസവസ്തുക്കൾ സൂക്ഷിക്കുന്ന ടാങ്കിലെ കേടുപാടുകളാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല