
സ്വന്തം ലേഖകൻ: പ്രവാസികളെ തിരികെ എത്തിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുങ്ങിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നാല്‍പ്പതിനായിരം പരിശോധനാ കിറ്റുകളും 1,35,000 ത്തില്‍ അധികം മുറികളും തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നതിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
1,16,500 മുറികള്‍ (ബാത്‌റൂം അറ്റാച്ച്ഡ്) ക്വാറന്റൈനു വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഒമ്പതിനായിരത്തോളം മുറികള്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പണം നല്‍കി ക്വാറന്റൈന്‍ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഈ ഒമ്പതിനായിരം മുറികള്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്ന് 13 കോടിയോളം രൂപ ഇതുവരെ ജില്ലാ അതോറിറ്റികള്‍ക്ക് കൈമാറിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
വരുന്നവരെ പരിശോധിക്കുന്നതിന് സർക്കാർ കൈവശമുള്ള 40,000 ആർടി പിസിആർ കിറ്റുകൾ ഉപയോഗിക്കും.
വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിച്ച് രോഗമുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനും ആരോഗ്യ പരിശോധനകൾക്കുമായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ജില്ല തിരിച്ച്, വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ സജ്ജീകരണങ്ങളാണ് പ്രവാസികൾക്കായി സർക്കാർ ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകൾ വഴി ഇവർക്കു ഭക്ഷണം നൽകുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. വാഹന സൗകര്യം കെഎസ്ആർടിസി ആയിരിക്കും നൽകുക. കോവിഡ് കെയർ സെന്ററുകൾക്കു പൊലീസ് സംരക്ഷണമുണ്ടായിരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല