1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2020

സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍. കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ചീഫ് സെക്രട്ടറിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. പ്രത്യേക ട്രെയിന്‍ സര്‍വീസിനായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും.

ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിഡിയോ കോൺഫറൻസ് വഴിയാണു ചർച്ച നടത്തുക. ആഭ്യന്തര, ആരോഗ്യ, ധന, വിദേശകാര്യ മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പ്രത്യേക ട്രെയിൻ സർവീസുകൾക്കായി ആവശ്യപ്പെട്ടിരുന്നു. അതേസമയം, രാജ്യം ഇനിയൊരു ഒരു സമ്പൂർണ്ണ ലോക്ഡൗണിലേക്ക് പോകാനുള്ള സാധ്യതയില്ല. ഇനിയുള്ളത് മേഖലകൾ തിരിച്ചുള്ള നിയന്ത്രണമാകാം.

മൂന്നാംഘട്ട ലോക്‌ഡൗണും രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നില്ല എന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ആകെ കോവിഡ് കേസുകൾ 56,342 ആയി ഉയർന്നു. മരണം 1886 ആയി. മഹാരാഷ്ട്ര ആശങ്കയായി തുടരുകയാണ്. ഗുജറാത്തിൽ ഇന്നലെ മാത്രം 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 390 പുതിയ കേസുകൾ. സംസ്ഥാനത്തു ആകെ കേസുകൾ 7403 ഉം മരണം 449 ഉം ആണ്. മധ്യപ്രദേശിൽ മരണം 200 ആയി. രോഗബാധിതരുടെ എണ്ണം 3341 ആയി ഉയർന്നു.

മഹാരാഷ്ട്രയ്ക്ക് പുറമേ കോവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുകയാണ്. ഗുജറാത്തിൽ മരണം 200 ആയി. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. 152 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗ ബാധിതർ 3579ആയി. മരണം 103. ഡൽഹിയിൽ ഇന്നലെ 338 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 6318 ആണ്. ബംഗാളിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇതുവരെ 1678 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 88 ആയി. സിഐഎസ്എഫ് ജവാൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം സീൽ ചെയ്തു. ബിഹാറിൽ 8 മാസം പ്രായമായ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഒഡിഷയിൽ തിരിച്ചെത്തിയവർക്ക് ക്വാറന്റീൻ ദിവസം 28 ആക്കി ഉയർത്തി. അതേസമയം ഒരു വശത്ത് കോവിഡ് മുക്തി നിരക്കും ഉയരുന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ട്. 29.36 ശതമാനം പേർക്കാണ് ഇപ്പോൾ രോഗം ഭേദമാകുന്നത്.

ഈ സാഹചര്യത്തിൽ മെയ് 17-ന് ശേഷം തുറക്കേണ്ട മേഖലകള്‍ സംബന്ധിച്ച ധാരണയുണ്ടാക്കുന്നതിന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ശനിയാഴ്ച രണ്ട് സുപ്രധാന യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നു. കഴിഞ്ഞ ആഴ്ച കോവിഡ് കേസുകള്‍ കുത്തനെ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു ഒരു യോഗം. വ്യാവസായ യൂണിറ്റുകള്‍ തുറക്കുന്നതും മറ്റുമായിരുന്നു രണ്ടാമത്തെ യോഗത്തിലെ വിഷയം. ഇന്ന് അദ്ദേഹം ചീഫ് സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.