
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പൈലറ്റിനെ കൂടാതെ ഒരു എഞ്ചിനിയര്‍ക്കും ടെക്‌നീഷ്യനും രോഗം സ്ഥിരീകരിച്ചെന്ന് എയര്‍ലൈനിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പരിശോധന നടത്തിയ 77 പൈലറ്റുമാരില്‍ അഞ്ച് പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.
ഇവര്‍ യാതൊരുവിധ രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. മുംബൈയിലുള്ള ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് ഇവര്‍ പറത്തിയത്. ഏപ്രില്‍ 20നാണ് ഇവര്‍ അവസാനമായി ജോലി ചെയ്തത്.
അതേസമയം, ചൈനയിലെ ഗാങ്‌സൂവിലേക്ക് അടുത്തിടെയായി ചരക്ക് വിമാനം പറത്തിയ പൈലറ്റുമാരാണ് ഇവരെന്ന് റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ചരക്ക് വിമാനങ്ങള്‍ രാജ്യാന്തര തലത്തില്‍ സേവനം നടത്തിയിരുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനായി ഏപ്രില്‍ 18ന് ഇവര്‍ എയര്‍ ഇന്ത്യ വിമാനവുമായി ഗാങ്‌സൂവിലേക്ക് പറത്തിയിരുന്നു. കൂടാതെ ഷാങ്ഹായിലേക്കും ഹോങ്കോങ്ങിലേക്കും ഇവര്‍ വിമാനം പറത്തിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.
പൈലറ്റുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലേക്ക് എയര്‍ ഇന്ത്യ വന്ദേ ഭാരത് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ പുറപ്പെടുത്തനതിന് മുമ്പും തിരിച്ചെത്തിയതിന് ശേഷവും സ്രവപരിശോധന നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
ദൗത്യത്തിന് ശേഷം ഇവര്‍ ഹോട്ടലുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നം നിര്‍ദ്ദേശമുണ്ട്. പരിശോധനഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ ഇവരെ വീട്ടിലേക്ക് അയയ്ക്കുകയുള്ളൂ. പിന്നീട് അഞ്ച് ദിവസത്തിന് ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തും. നെഗറ്റീവായി രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കുന്നില്ലെങ്കില്‍ മാത്രമേ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുകയുള്ളൂ. പിപിഇ കിറ്റുകള്‍ അടക്കമുള്ള സുരക്ഷ ഉപകരണങ്ങള്‍ ഉപയോഗിച്ച ശേഷമാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല