1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിനിടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി നെടുമ്പാശ്ശേരി വിമാനത്താവളം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ചെയ്ത് വിശദമായ വിവരങ്ങൾ ശേഖരിച്ച് അധികൃതർ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ മാത്രമാണ് പാസ് അനുവദിക്കുന്നത്. എന്നാൽ പാസ് നൽകിയാലും മുൻകൂട്ടി തീരുമാനിച്ച വാഹനത്തിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. യാത്ര ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന സ്ഥലത്തേക്ക് മാത്രം ആകണമെന്നും നിർബന്ധമുണ്ട്.

മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. പ്രവാസികളെ സ്വീകരിക്കാനെത്തുവരിലേക്ക് രോഗവ്യാപനം തടയുന്നതിനുമുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. എറണാകുളം ജില്ലാ സബ് കളക്ടർ സ്നേഹിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

വിമാനത്തിൽ നിന്നിറങ്ങുന്ന പ്രവാസികളെ ആദ്യം ഐസൊലേഷൻ മുറിയിലെത്തിച്ച് രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അധികൃതർ ചോദിക്കുന്നത്. യാത്രക്കാരിൽ പനി, ചുമ, ജലദോഷം എന്നിങ്ങനെ ഏതെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാറ്റിനിർത്തി പ്രത്യേക ആംബുലൻസിലാണ് ഇവരെ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റുന്നത്. ഇവരെ ആംബുലൻസിന് അടുത്തേക്ക് എത്തിക്കുന്നതിന് പ്രത്യേക വാതിലും സജ്ജീകരിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയാണ് പരിശോധനയുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കാൻ അനുവദിക്കുന്നത്. ഇവിടെ യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നതിനൊപ്പം തെർമൽ സ്കാനിംഗും നടത്തുന്നുണ്ട്. ഹെൽത്ത് ഓർഗനൈസേഷൻ അധികൃതർക്കാണ് പരിശോധനയുടെ ചുമതല.

മൂന്നാം ഘട്ടത്തിൽ മാത്രമാണ് യാത്രക്കാരിൽ നിന്ന് അഡ്രസ് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത്. മേൽവിലാസത്തിന് പുറമേ പിൻകോഡ്, വിമാനത്തിന്റെ നമ്പർ, താലൂക്ക്, ജില്ല എന്നിവയുൾപ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തി വയ്ക്കും. റവന്യൂ വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. കേരളത്തിൽ തിരിച്ചെത്തുന്നവർക്ക് പിന്നീട് രോഗം ബാധിച്ചാൽ എളുപ്പത്തിൽ കണ്ടെത്തുന്നതിന് വേണ്ടിയാണിത്.

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, 75 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. ഇവർക്ക് പ്രത്യേക കൌണ്ടറാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. ഇത്തരക്കാർ വിമാനത്താവളത്തിൽ നിന്ന് മടങ്ങിപ്പോകുന്ന വാഹനത്തിന്റെ നമ്പറും അപേക്ഷാ ഫോമിൽ നൽകണം.

ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ പോലീസിനും ആരോഗ്യവകുപ്പിനും കൈമാറും. ഇത്തരത്തിൽ എക്സിറ്റ് പാസ് ഉള്ളവരെ മാത്രമേ വിമാനത്തിന് പുറത്തേക്ക് കടക്കാൻ അനുവദിക്കുകയുള്ളൂ. പാസിൽ രേഖപ്പെടുത്തിയ വാഹനം ഏതാണോ അതിനടുത്തേക്ക് പോലീസാണ് യാത്രക്കാരെ എത്തിക്കുക. നാല് പേർ അടങ്ങുന്ന സംഘത്തെയാണ് ഒരേ സമയം കടത്തിവിടുക. പിന്നീട് ജില്ലകൾ തിരിച്ച് കെഎസ്ആർടിസി ബസുകളിലാണ് ഇവരെ ഓരോ ജില്ലകളിലേയ്ക്കും എത്തിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.