
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് അനുവാദം കൊടുത്ത് ട്വിറ്റര്‍. സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും കോവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷവും പല ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നും ട്വിറ്റര്‍ അറിയിച്ചു.
ലോക്ക് ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ചില്‍ ആദ്യമായി ടെലിവര്‍ക്കിലേക്ക് മാറിയ കമ്പനികളിലൊന്നാണ് സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ട്വിറ്റര്‍. ആ നയം അനിശ്ചിതമായി തുടരുമെന്നാണ് ഇപ്പോള്‍ കമ്പനി പറയുന്നത്.
വികേന്ദ്രീകരണത്തിന് പ്രാധാന്യം നല്‍കുകയും എവിടെ നിന്നും പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള തൊഴില്‍ രീതി പിന്തുടരുകയും ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഈ ഘട്ടത്തോട് എളുപ്പം പൊരുത്തപ്പെടാനായെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു.
‘ഈ രീതിയില്‍ ജോലി ചെയ്യാനാകുമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ തെളിയിച്ചതാണ്. ഞങ്ങളുടെ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ പ്രാപ്തരാണെങ്കില്‍ അവര്‍ എന്നെന്നേക്കുമായി ഇത് തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഞങ്ങള്‍ നടപ്പാക്കും.’
ഓഫീസുകള്‍ സെപ്റ്റംബറിനു മുന്നേ തുറക്കില്ലെന്നും വീണ്ടും തുറക്കുന്നത് ശ്രദ്ധാപൂര്‍വ്വവമായിരിക്കുമെന്നും അത് നിലവിലെ രീതിയനുസരിച്ചായിരിക്കില്ലെന്നും ട്വിറ്റര്‍ അറിയിച്ചു. ഗൂഗിളും ഫെയ്സ്ബുക്കും മിക്ക ജീവനക്കാര്‍ക്കും വര്‍ഷാവസാനം വരെ ടെലിവര്‍ക്ക് അനുവദിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല