
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ ഉലയുന്ന രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരാൻ ഇരുപത് ലക്ഷം കോടിയുടെ പാക്കേജുമായി കേന്ദ്രസർക്കാർ. ഇന്നലെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൻ്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ ദില്ലിയിൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ചെറുകിട-ഇടത്തരം സംരഭകർ ഇതിനോടകം എടുത്ത വായ്പകൾക്ക് അടുത്ത ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതായും ധനമന്ത്രി അറിയിച്ചു.
രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഇടത്തരം-ചെറുകിട വ്യാപാരികൾക്കായി ഈടില്ലാതെ വായ്പ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി മൂന്ന് ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. നാല് വർഷത്തെ വായ്പ പരിധിയോടെയാണ് ചെറുകിട വ്യാപാരികൾക്ക് വായ്പ നൽകുക.
ഈ വർഷം ഒക്ടോബർ 31 വായ്പകൾക്കായി അപേക്ഷിക്കാം. വർഷം നൂറ് കോടി രൂപ വരെ വിറ്റു വരവുള്ള ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് വായ്പയ്ക്ക് അർഹതയുണ്ടാവും. പദ്ധതി രാജ്യത്തെ 45 ലക്ഷം ചെറുകിട വ്യാപാരികൾക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയിൽ തകർന്ന ചെറുകിട-ഇടത്തരം വ്യാപാരികൾക്കായി ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയും ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കേന്ദ്രസർക്കാർ ഏറ്റെടുത്തിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് കൂടി ഈ കമ്പനികളുടെ ഈ ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കും. കഴിഞ്ഞ ആറ് വർഷമായി സാമ്പത്തിക രംഗത്ത് ശക്തമായ നടപടികളാണ് മോദി സർക്കാർ സ്വീകരിച്ചു വന്നിരുന്നത്. സ്വയംപര്യാപതമായ ഇന്ത്യയെ മാറ്റും വരെ ഇനിയും അത്തരം നടപടികൾ തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.
പ്രതിവർഷം അഞ്ചുകോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനം സൂക്ഷ്മ (മൈക്രോ) വിഭാഗത്തിലും അഞ്ചു കോടി മുതൽ 75 കോടി രൂപവരെയുള്ളവ ചെറുകിട (സ്മോൾ) വിഭാഗത്തിലും 75 കോടി മുതൽ 250 കോടിവരെയുള്ളവ ഇടത്തരം (മീഡിയം) വിഭാഗത്തിലും ഉൾപ്പെടുത്തി വന്ന രീതിക്കു മാറ്റം വരുത്തുന്നതായും ധനമന്ത്രി പറഞ്ഞു. രാജ്യത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായാണ് ഈ തീരുമാനം.
വ്യക്തിയുടെ വരുമാനത്തിൽ നിന്ന് ഈടാക്കുന്ന ടിഡിഎസ്, ടിസിഎസ് നിരക്കുകൾ 25 ശതമാനം കുറച്ചു. 2021 മാർച്ച് 31 വരെ ഇതിനു പ്രാബല്യമുണ്ടാകും. 50,000 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക. പുതിയ നിരക്ക് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാകും. വാടക പലിശ, ഫീസുകൾ, കമ്മീഷൻ തുടങ്ങിയവയിലാണ് ടിഡിഎസ് ഈടാക്കുന്നത്.
നികുതിദായകർക്ക് ഇതിലൂടെ 50,000 കോടി രൂപയുടെ നേട്ടമുണ്ടാകും. നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി നീട്ടി. ജൂലൈ 31 നും ഒക്ടോബർ 31 നും സമർപ്പിക്കേണ്ട നികുതി റിട്ടേൺ നവംബർ 30 നകം സമർപ്പിച്ചാൽ മതി. ടാക്സ് ഓഡിറ്റിന് ഒക്ടോബർ 31 വരെ സാവകാശം നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല