
സ്വന്തം ലേഖകൻ: ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം. നിലവില്‍ കോവിഡ് ബാധിതരായി ആരും തന്നെയില്ലായെന്ന് ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ 926 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് ഏര്‍പ്പെടുത്തിയ ശക്തമായ മുന്‍കരുതലുകളാണ് കോവിഡ് കേസുകള്‍ പുജ്യത്തിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ 48 മണിക്കൂറായി രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്തതിനാല്‍ ചികിത്സയില്‍ കഴിഞ്ഞ അവസാന രോഗിയും രോഗമുക്തി നേടിയതായി ഓക് ലാന്‍റ് പ്രാദേശിക പൊതുജനാരോഗ്യ. വിഭാഗം, ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഐസൊലേഷനില്‍ നിന്നും മോചിപ്പിച്ചതായും അറിയിച്ചു. തുടര്‍ച്ചയായ 17 ദിവസവും ഒരു കോവിഡ് കേസ് പോലും ന്യൂസിലാന്‍റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ആകെ 1154 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് ന്യൂസിലാന്‍റ് ലോകാരോഗ്യ സംഘടനക്ക് നല്‍കിയ റിപ്പോര്‍ട്ട്. അതെ സമയം പുതിയ കോവിഡ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ഇനിയും സുരക്ഷാ മുന്‍കരുതലുകള്‍ തുടരുമെന്ന് ആരോഗ്യ വിഭാഗ മേധാവി ആഷ്‍ലി ബ്ലൂംഫീല്‍ഡ് വ്യക്തമാക്കി.
കോവിഡ് മുക്തമായതിനാല്‍ തന്നെ നേരത്തെ നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുമെന്ന് ഒട്ടാഗോ സര്‍വകലാശാലയിലെ പൊതുജനാരോഗ്യ പ്രൊഫസര്‍ മൈക്കല്‍ ബേക്കര്‍ അറിയിച്ചു. സാമൂഹിക അകലമടക്കമുള്ള കാര്യങ്ങളിലാണ് ന്യൂസിലാന്‍റ് നിയന്ത്രണം കുറക്കുന്നത്.
അന്താരാഷ്ട്ര അതിര്‍ത്തിയിലുള്ള കര്‍ശന പരിശോധന ഒഴിച്ച് മറ്റെലായിടത്തും ഇളവുകള്‍ കൊണ്ടുവരാനാണ് ജസിന്‍ഡ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ് സൂചന. രാജ്യ ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ പുതിയ ചുവടുവെപ്പിനെ വിശേഷിപ്പിച്ചത്. സന്തോഷത്താൽ താൻ നൃത്തം ചെയ്തതായും ജസീന്ത പറഞ്ഞു.
രാജ്യം കോവിഡ് വിമുക്തമായി എന്ന സന്തോഷ വാർത്ത അറിഞ്ഞപ്പോൾ ആദ്യ പ്രതികരണം എന്തായിരുന്നുവെന്ന ചോദ്യത്തിന് ജസീന്ത ആർഡെന്‍റെ മറുപടി ഇപ്രകാരമായിരുന്നു. “മകൾക്കൊപ്പം ഞാൻ കുറച്ചു നേരം നൃത്തം ചെയ്തു. എന്താണ് കാര്യമെന്ന് അവൾക്ക് മനസ്സിലായില്ലെങ്കിലും നൃത്തംചെയ്യാനും അവളും എനിക്കൊപ്പം കൂടി.”
കോവിഡ‍് മുക്തമായതോടെ രാജ്യത്തെ സാമ്പത്തികരംഗത്തെ ത്വരിതപ്പെടുത്താനുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്ന് ജസീന്ത ആർഡെൻ പറഞ്ഞു.
ഫെബ്രുവരി 28നാണ് ന്യൂസിലാന്‍റില്‍ ആദ്യമായി കോവിഡ് കണ്ടെത്തുന്നത്. ഇറാനിലേക്ക് യാത്ര പോയ 60 വയസ്സുകാരനാണ് ആദ്യമായി കോവിഡ് വൈറസ് സ്ഥിരീകരിക്കുന്നത്. മാര്‍ച്ച് മുതല്‍ ലോകരാജ്യങ്ങളിലെ തന്നെ ഏറ്റവും ശക്തമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ന്യൂസിലാന്‍റ് നടപ്പിലാക്കിയത്. ഈ നടപടികളുടെ ഭാഗമായാണ് ന്യൂസിലാന്‍റിന് കോവിഡിന്‍റെ പകര്‍ച്ചയും രണ്ടാം വരവും ഫലപ്രദമായി തടയാനായതെന്നാണ് കരുതപ്പെടുന്നത്. കുറഞ്ഞ ജനസംഖ്യയും അനുകൂല ഘടകമായി.
മെയ് 18 മുതല്‍ തന്നെ രാജ്യത്തെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനും മെയ് 21ന് കര്‍ശന നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാനും തീരുമാനിച്ചിരുന്നു. മെയ് 29 മുതല്‍ 100ല്‍ കൂടുതല്‍ ആളുകള്‍ കൂടുന്നതിനെ പ്രസിഡണ്ട് ജസിന്‍ഡ് ആര്‍ഡന്‍ വിലക്കിയെങ്കിലും ആകെ ഒരാള്‍ക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ജൂണ്‍ മൂന്നോട് കൂടി തന്നെ കോവിഡ് മുക്തമായതായി പ്രസിഡണ്ട് സൂചന നല്‍കിയിരുന്നു. രാജ്യത്തേക്ക് വരുന്ന എല്ലാവരെയും കോവിഡ് പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ ന്യൂസിലാന്‍റ് സർക്കാർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല