
സ്വന്തം ലേഖകൻ: യുഎസിൽ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയ്ഡിനു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചൊവ്വാഴ്ച അന്ത്യാഞ്ജലി അര്‍പ്പിക്കും. ഫ്ലോയ്ഡിന്റെ സംസ്കാരം ചൊവ്വാഴ്ച 11ന് അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയ്ക്കു സമീപം നടത്തുമെന്നു പൊലീസ് മേധാവി ട്വീറ്റ് ചെയ്തു. വന്‍ സുരക്ഷാ സന്നാഹങ്ങളാണു ഹൂസ്റ്റണില്‍ ഒരുക്കിയിരിക്കുന്നത്. ജോര്‍ജിന്റെ മരണത്തെ തുടര്‍ന്നു ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ യുഎസിൽ എങ്ങും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.
ശനിയാഴ്ച മൃതദേഹം ഹൂസ്റ്റണില്‍ എത്തിച്ചിരുന്നു. ജോര്‍ജിന്റെ കുടുംബാംഗങ്ങള്‍ സുരക്ഷിതരായി ഹൂസ്റ്റണില്‍ എത്തിയതായി പൊലീസ് അറിയിച്ചു. മുന്‍ വൈസ് പ്രസിഡന്റ ജോ ബൈഡന് തിങ്കളാഴ്ച ജോര്‍ജിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. സുരക്ഷാ കാരണങ്ങള്‍ മൂലം അദ്ദേഹം സംസ്കാര ചടങ്ങില്‍ പങ്കെടുക്കില്ല. തിങ്കളാഴ്ചയാണു പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം. ചൊവ്വാഴ്ച ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ കുറച്ചു പേര് മാത്രമേ സംസ്കാര ചടങ്ങില്‍ പങ്കെടുക്കൂ.
ഹൂസ്റ്റണില്‍ ഹില്‍ക്രോഫ്റ്റ് അവന്യുവിലുള്ള ദ് ഫൗണ്ടന് ഓഫ് പ്രെയിസ് പള്ളിയിലാണു രണ്ടു ചടങ്ങുകളും നടക്കുന്നത്. ഉച്ച മുതല്‍ രാത്രി ആറു മണി വരെയാണു പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം നല്‍കുക. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരേസമയം 15 പേര്‍ക്കു മാത്രമേ പള്ളിയില്‍ പ്രവേശനം അനുവദിക്കൂ. 10 മിനിറ്റിലധികം പള്ളിയില്‍ ചെലവഴിക്കാനും കഴിയില്ല. സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാ നിയന്ത്രണങ്ങളും പാലിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ യുഎസിലെ മിനിയപൊളിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും. നഗരസഭ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായത്തെ തുടര്‍ന്നാണ് പൊതുസുരക്ഷയ്ക്കായി പുതിയൊരു സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ച് കൗണ്‍സില്‍ തീരുമാനമെടുത്തത്. ജോർജ് ഫ്ലോയ്ഡ് വധത്തിൽ അമേരിക്കയിൽ മിനിയപോളിസ് പോലീസിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം.വംശീയവേർതിരിവ് പ്രകടിപ്പിക്കുന്ന പോലീസ് വിഭാഗത്തിനെതിരെ നിരവധി പരാതികൾ വന്നിരുന്നു.
സാമൂഹിക സുരക്ഷയ്ക്കായി കൂടുതല്‍ മികച്ച പുതിയൊരു പൊതുവ്യവസ്ഥ പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്ന് മിനിയപൊലിസ് കൗണ്‍സില്‍ പ്രസിഡന്റ് ലിസ ബെന്‍ഡര്‍ പറഞ്ഞു. ഭൂരിപക്ഷ വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കൗണ്‍സിലംഗം അലോന്‍ഡ്ര കാനോ ട്വീറ്റ് ചെയ്തു. നിലവിലെ പോലീസ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് പിരിച്ചു വിട്ട് പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും അലോന്‍ഡ്ര വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല